ജമ്മുവിലെ നയങ്ങളെല്ലാം പുറത്തുള്ളവര്‍ക്കായി ഉണ്ടാക്കിയത്; ജനം ചൂഷണത്തിനിരയാകുന്നു: പ്രിയങ്ക ഗാന്ധി
national news
ജമ്മുവിലെ നയങ്ങളെല്ലാം പുറത്തുള്ളവര്‍ക്കായി ഉണ്ടാക്കിയത്; ജനം ചൂഷണത്തിനിരയാകുന്നു: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2024, 11:52 am

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ലഫ്റ്റനറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പുറത്തുനിന്നുള്ള വ്യക്തിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജമ്മുവിലെ നയതന്ത്രങ്ങള്‍ പുറമേ നിന്ന് വന്നവര്‍ക്ക് വേണ്ടി നിര്‍മിച്ചിരിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. ജമ്മു കശ്മീരിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രിയങ്കയുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ ജനതയുടെ സംസ്ഥാന പദവി തട്ടിയെടുത്തെന്നും പ്രിയങ്ക പറഞ്ഞു. പ്രത്യേക സംസ്ഥാന പദവി എന്നത് കശ്മീര്‍ ജനതയുടെ അവകാശമായിരുന്നു. ആ അവകാശം ഒരു ജനതയുടെ തൊഴില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംരക്ഷിച്ചിരുന്നെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ജമ്മുവിലെ ബിഷ്നയില്‍ നടന്ന പരിപാടിയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

ജമ്മു കശ്മീരിലെ ധാതുക്കള്‍ വേര്‍തിരിച്ചിച്ചെടുക്കാനുള്ള കരാറുകള്‍ പുറമേ നിന്നുള്ളവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു. പുറത്തുള്ള കമ്പനികള്‍ ജമ്മു കശ്മീരിനെ കൊള്ളയടിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്ത ബി.ജെ.പി സര്‍ക്കാരിനെ ഇനിയും പിന്തുണക്കരുത്. ഇത് സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള സമയമാണെന്നും കോണ്‍ഗ്രസിന് വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുകയാണെന്നും പ്രിയങ്ക പറഞ്ഞു. ജമ്മുവിലെ തൊഴിലില്ലായ്മയാണ് ഇതിന് കാരണമാകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര ഭരണപ്രദേശത്ത് ശ്വാസംമുട്ടല്‍ രൂക്ഷമാണെന്നും പ്രിയങ്ക പറയുകയുണ്ടായി.

അതേസമയം ജമ്മു കശ്മീരില്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നതായിരുന്നു കോണ്‍ഗ്രസ് എന്‍.സി സഖ്യത്തിന്റെയും പി.ഡി.പിയുടെയും പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ജമ്മു കശ്മീരില്‍ തീവ്രവാദത്തിന് പകരം വിനോദസഞ്ചാരവും സമാധാനവും നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നത്.

ഇതിനുപുറമെ ഈ തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിനുള്ള തിരിച്ചടിയാവുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.

ഇന്ന് വൈകുന്നേരത്തോടെ ജമ്മു കശ്മീരിലെ പരസ്യ പ്രചരണം അവസാനിക്കും. ഒക്ടോബര്‍ ഒന്നിന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.

Content Highlight: policies in j k framed designed to benefit outsiders says priyanka gandhi