പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലെ പ്രതി
Kerala News
പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലെ പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 3:46 pm

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗക്കേസിലെ പ്രതി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ഷിഹാബ് 2019ല്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് പ്രതിയായിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇദ്ദേഹം വിചാരണ നേരിടുകയാണ്. കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പരാതിയുണ്ടെന്ന് മാതൃഭുമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാമ്പഴ മോഷണക്കേസില്‍ അകപ്പെട്ടതിന് പിന്നാലെ ഷിഹാബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ അച്ചടക്ക ലംഘനം വ്യക്തമായതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ എന്നും ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിലുണ്ട്.

ഷിഹാബിന്റെ നടപടി പൊലീസ് സേനക്ക് കളങ്കമായെന്നും, പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനമാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച ഷിഹാബിന്റെ ദൃശ്യം സി.സി.ടി.വിയില്‍ കുടുങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പഴക്കടയില്‍ നിന്ന് 10 കിലോ മാമ്പഴമാണ് പൊലീസുകാരന്‍ എടുത്തത്.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വ്യക്തമായതാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.