കൊച്ചി: മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍.ഐ.എ ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കവേയായിരുന്നു സംഭവം.
പ്രതിഷേധം കണക്കിലെടുത്ത് എന്‍.ഐ.എ ആസ്ഥാനത്ത് കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയത്. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതും ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചിലരെ പൊലീസ് വാനിലും ചിലരെ ജീപ്പിലുമായിരുന്നു കയറ്റിയത്. ഇതിനിടെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയ ഒരു പ്രവര്‍ത്തകന്‍ പൊലീസ് ജീപ്പിനുള്ളില്‍ ഇരുന്ന് ജീപ്പിന്റെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. അഞ്ചോളം സമരക്കാരെയായിരുന്നു ജീപ്പിനുള്ളില്‍ കയറ്റിയത്.
തെണ്ടിത്തരം കാണിക്കരുതെന്ന് പറഞ്ഞ് പൊലീസിനു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.
വളരെ മാന്യമായിട്ടാണ് ഞങ്ങള്‍ പരിപാടി നടത്തിയതെന്നും തെണ്ടിത്തരം കാണിക്കരുതെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫീസിലെത്തിയത്. സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്.
കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.
മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ