സെന്‍കുമാറിന്റെ ആരോപണങ്ങള്‍ വ്യാജം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിച്ച് പൊലീസ്
Kerala News
സെന്‍കുമാറിന്റെ ആരോപണങ്ങള്‍ വ്യാജം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 5:22 pm

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍റിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പൊലീസ് അവസാനിപ്പിച്ചു. സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ഗൂഢാലോചന, കൈയ്യേറ്റം ചെയ്യല്‍ തുടങ്ങിയ ആരോണങ്ങള്‍ തെറ്റാണെന്നും പൊലീസ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരായ കടവില്‍ റഷീദിനും പി.ജി സുരേഷ് കുമാറിനും എതിരായിട്ടായിരുന്നു സെന്‍കുമാര്‍ പരാതി നല്‍കിയിരുന്നത്. ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

കേസില്‍ ടി.പി സെന്‍കുമാറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായെന്നും കേസ് അവസാനിപ്പിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടി ആസിഫ് അലി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് ഒരു തവണ വായിച്ച് നോക്കിയ, സാമാന്യ ബുദ്ധിയുള്ള പൊലീസുകാരന്‍ കീറിക്കളയുന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് ടി.പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദ് ചോദ്യം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ മദ്യപിച്ചിട്ടുണ്ടോ എന്നടക്കം ചോദിച്ച് സെന്‍കുമാര്‍ അധിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് കടവില്‍ റഷീദ് നേരത്തെ നല്‍കിയ പരാതിയില്‍ ടി.പി സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ