പത്തനംതിട്ട: മാവേലിക്കരയില്‍ ഗവേഷക നല്‍കിയ ലൈംഗിക അരോപണ പരാതിയില്‍ ആരോപണ വിധേയനായ കോളേജ് അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ ഹാജരാകണമെന്ന് അധ്യാപകനെ മാവേലിക്കര പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുന്ന നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിദ്യാര്‍ത്ഥിയോട് ഇന്ന് മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 21നാണ് ഗവേഷക റിസേര്‍ച്ച് ഗൈഡിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത്. ലൈംഗിക ചുവയോടെ സംസാരിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരാതി നല്‍കി രണ്ട് ആഴ്ചക്ക് ശേഷവും നടപടിയുണ്ടായില്ലെന്ന ആക്ഷേപമുണ്ടായുന്നു. തുടര്‍ന്ന് ഗവേഷക മാധ്യമങ്ങളിലൂടെ വിഷയം അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കേസില്‍ നടപടിയുണ്ടയിരിക്കുന്നത്.
എന്നാല്‍ പരാതി നല്‍കിയത് മുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും, വിവിധ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പി.എച്ച്.ഡി പഠനം തന്നെ ഇല്ലാതാക്കാന്‍ അധ്യാപകന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വിദ്യാര്‍ത്ഥി രംഗത്തെത്തി. അധ്യാപകന്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്നും ഇതുവരെ നടത്തിയ ഗവേഷണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു
Content Highlight: Police will today question the college teacher accused in the sexual harassment complaint lodged by the researcher in Mavelikara