ടി.പി വധഗൂഢാലോചന: ഫയാസിനെ ചോദ്യം ചെയ്യും
Kerala
ടി.പി വധഗൂഢാലോചന: ഫയാസിനെ ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 08, 11:24 am
Saturday, 8th February 2014, 4:54 pm

[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ടി.പി കേസില്‍ ഫയാസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പരിഗണിച്ചാണ് ചോദ്യംചെയ്യല്‍.

ഫയാസ് കഴിഞ്ഞ ഓഗസ്റ്റ് ആറിന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ടി.പി കേസ് പ്രതികളെ കണ്ടിരുന്നു. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനും ഫയാസും ജയിലില്‍ അടുത്തു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഫായാസിന്റെ സന്ദര്‍ശനവും ജയില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് വി.കെ അക്ബറിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ഫായിസിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ആവശ്യമെങ്കില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം ആലോചിക്കുന്നുണ്ട്.

സി.ബി.ഐക്ക് വിടുന്നതിന് തൊട്ടുമുമ്പുള്ള നടപടിക്രമത്തിന്റെ ഭാഗമാണിതെന്നാണ് പറയപ്പെടുന്നത്.

ഡി.വെ.എസ്.പിമാരായ ജെയ്‌സണ്‍ കെ എബ്രഹാം,  സി.ഡി ശ്രീനിവാസന്‍,  ബിജു ഭാസ്‌കര്‍,  വടകര സി.ഐ സുരേഷ് ബാബു,  എടച്ചേരി എസ്.ഐ സാജു എസ് ദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ രണ്ടു ദിവസത്തിന് ശേഷം അന്വേഷണസംഘം യോഗം ചേരും.

കേസില്‍ ഫായിസിന് ബന്ധമുണ്ടെന്ന് നേരത്തെ ആര്‍.എം.പിയും ആരോപിച്ചിരുന്നു.