കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ ചോദ്യം ചെയ്യും. നാളെ ഉച്ചയോടെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ തന്നെയാണ് അറിയച്ചത്. എന്നാല്‍ എവിടെ വെച്ചാണ് ചോദ്യം ചെയ്യുക എന്ന് വ്യക്തമാക്കിയിട്ടില്ല.
ALSO READ: ഭംഗോര്‍ പദ്ധതി ഉപേക്ഷിക്കുന്നതായി മമത; ബംഗാളിലെ ചെങ്കൊടി സമരം വിജയം
ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ എന്താണെന്ന് പൊലീസ് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും, പൊലീസ് തീരുമാനം മാറ്റുകയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി പറഞ്ഞത്.
ജലന്ധര്‍ ബിഷപ്പിനെ ഇനിയും ചോദ്യം ചെയ്യാത്തതിനാല്‍ പൊലീസിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
കേസിനാവശ്യമായ സൈബര്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറല്‍ റജീന്‍ അടക്കമുള്ളവരുടെ മൊഴി എടുത്തിരുന്നെങ്കിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ തയ്യാറായിരുന്നില്ല.
ജലന്ധര്‍ ബിഷപ്പ് 12 തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടികാണിച്ച് കൊണ്ട് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് കത്തയച്ചതും പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റിനായി പഞ്ചാബ് പൊലീസിന്റെ സഹായവും അന്വേഷണസംഘം തേടിയിരുന്നു.