ശ്രീറാമിന്റെയും വഫയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും; ഡോക്ടറെ സാക്ഷിയാക്കും; മുഖം രക്ഷിക്കാന്‍ പഴുതടച്ച അന്വേഷണത്തിന് പൊലീസ്
Kerala News
ശ്രീറാമിന്റെയും വഫയുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും; ഡോക്ടറെ സാക്ഷിയാക്കും; മുഖം രക്ഷിക്കാന്‍ പഴുതടച്ച അന്വേഷണത്തിന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 12:06 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനം. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ആരോപണം വന്നതോടെയാണിത്.

ശ്രീറാം വെങ്കിട്ടരാമന്റെയും സംഭവസമയം ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ശ്രീറാമിനെ ആദ്യം ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കിയും പഴുതടച്ച അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ ആദ്യം കൊണ്ടുപോയത് ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു. ശ്രീറാമിനെ മദ്യം മണക്കുന്നതായുള്ള ഡോക്ടറുടെ വാക്കുകള്‍ പുറത്തുവന്നിരുന്നു.

പൊലീസ് പറയാതെ രക്തപരിശോധന നടത്താന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോക്ടറെ സാക്ഷിയാക്കാനുള്ള തീരുമാനം.

അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു.

ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ശ്രീറാം നിഷേധിച്ചാലും അക്കാര്യം നാടാകെ അംഗീകരിക്കുന്നുണ്ട്. അപകടസമയത്ത് ശ്രീറാമിനെ കണ്ട എല്ലാവരും അദ്ദേഹം നല്ല നിലയില്‍ മദ്യപിച്ചിരുന്നതായാണ് പറയുന്നത് മുഖ്യമന്ത്രി പറഞ്ഞു.

റോഡ് നിയമങ്ങള്‍ അറിയാത്ത ആളല്ല ശ്രീറാം. കാര്യങ്ങള്‍ അറിയാവുന്ന ആള്‍ അത് ലംഘിക്കുമ്പോള്‍ അതിന് ഗൗരവം കൂടുകയാണ്. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും അത് സത്യമല്ലെന്ന് എല്ലാര്‍ക്കും വ്യക്തമാണ്. മദ്യപിക്കാത്ത ഒരാള്‍ എങ്ങനെയാണ് ഇത്ര വേഗതയില്‍ വാഹനം ഓടിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടന്നാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.