| Thursday, 3rd February 2022, 9:41 pm

മുന്‍ സര്‍ക്കാറുകളുടെ കാലത്ത് പൊലീസിനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ഉത്തര്‍പ്രദേശില്‍ പൊലീസിനെ അവരുടെ വ്യക്തപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനും പൊലീസിനെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും തനിക്ക് സാധിച്ചെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

2012 മുതല്‍ 2017 വരെ സംസ്ഥാനത്ത് അധികാരത്തിലിരുന്ന സമാജ്‌വാദി പാര്‍ട്ടി ശ്മശാനങ്ങള്‍ പണിയുന്നതിന്റെ മറവില്‍ പണം തട്ടിയെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ച് വര്‍ഷമായി സംസ്ഥാനം കലാപങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാണെന്നും ഉത്തര്‍പ്രദേശ് ഇപ്പോള്‍ നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

”ബി.എസ്.പി സംസ്ഥാനം ഭരിച്ചിരുന്ന സമയത്ത്‌ (20072012) 364 കലാപങ്ങളുണ്ടായി. എസ്.പി ഭരണകാലത്ത് ( 20122017) 700ലധികം വലിയ കലാപങ്ങളും ഉണ്ടായി, അതില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു,’ ആദിത്യനാഥ് പറഞ്ഞു,

ബി.ജെ.പി യു.പിയില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സെന്റര്‍ നിര്‍മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘2017 മുതല്‍ സംസ്ഥാനത്ത് കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ വെറുതെയിരിക്കുകയല്ല. ദേശീയ സുരക്ഷ കണക്കിലെടുത്ത് സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സെന്റര്‍ നിര്‍മ്മിക്കുകയാണ്,’ ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഡാറ്റ ഉപയോഗിച്ച് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെയും തന്റെ ഭരണവും താര്തമ്യം ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

‘തട്ടിപ്പ് കേസുകള്‍ 58 ശതമാനവും കൊള്ളയും 64 ശതമാനവും കൊലപാതകവും 23 ശതമാനമായും കുറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ 53 ശതമാനം, സ്ത്രീധന കൊലപാതകം എട്ട് ശതമാനം, ബലാത്സംഗം 43 ശതമാനമായും കുറഞ്ഞു,’ ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

ഒരു വലിയ സംസ്ഥാനമായിരുന്നിട്ടും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ ബി.ജെ.പി വിജയം കൈവരിച്ചെന്നും , മതപരിവര്‍ത്തന വിരുദ്ധ നിയമവും ഉത്തര്‍പ്രദേശ് പൊതു-സ്വകാര്യ സ്വത്തുക്കള്‍ വീണ്ടെടുക്കല്‍ നിയമവും തങ്ങള്‍ കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയില്‍ സ്ത്രീകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

‘മുന്‍ സര്‍ക്കാറുകളുടെ കാലത്ത് പൊലീസ് റിക്രൂട്ട്‌മെന്റ് നടന്നിരുന്നില്ല. ഞങ്ങള്‍ 1.5 ലക്ഷം പേരെ സുതാര്യമായ രീതിയില്‍ റിക്രൂട്ട് ചെയ്യുകയും ആയിരക്കണക്കിന് പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. പൊലീസ് സേനയുടെയും പൊലീസ് ലൈനുകളുടെയും സ്റ്റേഷനുകളുടെയും നവീകരണത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു,’ അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട ക്രമസമാധാന സമ്പ്രദായം സംസ്ഥാനത്തിന്റെ പ്രതിച്ഛായ മാറ്റിമറിച്ചതായും അതിന്റെ ഫലമായി 4.68 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കുള്ള ധാരണാപത്രങ്ങള്‍ ആദ്യ നിക്ഷേപ ഉച്ചകോടിയില്‍ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, 403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് കര്‍ഹാലിലും ജസ്വന്ത് നഗറിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlights: Police were used for personal gain during previous governments: Yogi Adityanath

We use cookies to give you the best possible experience. Learn more