| Thursday, 1st August 2019, 7:39 pm

'തൊട്ടുകൂടായ്മയും പാടില്ലെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്, ഇനി ഇങ്ങനെയുണ്ടായാല്‍ അറസ്റ്റ് ചെയ്യും'; ഡെലിവറി ബോയി ഹിന്ദു അല്ലാത്തതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കിയ യുവാവിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ചത് ഹിന്ദു അല്ലാത്തതിനാല്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ അമിത് ശുക്ലയ്ക്ക് മധ്യപ്രദേശ് പൊലീസ് നോട്ടീസ് അയച്ചു.

സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തില്‍ പ്രതികരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ജബല്‍പൂര്‍ പൊലീസ് അമിത് ശുക്ലയ്ക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘അടുത്ത ആറ് മാസം അദ്ദേഹം ഇത്തരത്തില്‍ ട്വീറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായോ സാമുദായിക മൈത്രി തകര്‍ക്കുന്നതോ ആയ എന്തെങ്കിലും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്ന്’ ജബല്‍പൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു.

‘അമിത് ശുക്ല ഇനി പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഒരു തരത്തിലുള്ള തൊട്ടുകൂടായ്മയും പാടില്ലെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. അമിത് ശുക്ല ഇത് ലംഘിച്ചെന്നും’ എസ്.പി പ്രതികരിച്ചു.

സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം റദ്ദാക്കാനുണ്ടായ കാരണം വിശദീകരിച്ച് അമിത് ശുക്ലയിട്ട ട്വീറ്റാണ് വിവാദമായത്.

‘സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഇയാളുടെ ട്വിറ്റര്‍ ബയോ.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. ‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ്’ എന്നാണ് അമിതിന് സൊമാറ്റോ നല്‍കിയ മറുപടി.

ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരക്കാരുടെ വര്‍ഗീയ നിലപാടിനെതിരെ പ്രതികരിച്ച സൊമാറ്റോയ്ക്ക് നന്ദി എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more