തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകിരച്ച രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയവര്‍ വൈറസ് പരിശോധന നടത്തിയില്ലെങ്കില്‍ നടപടിയെന്ന് പൊലീസ്. പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയവരില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
മടങ്ങിയെത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പരിശോധനയില്‍ രോഗ ലക്ഷണം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
രോഗമുള്ള രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. എല്ലാവരും സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയിട്ടും കൊറോണ വൈറസ് പരിശോധന നടത്താത്തവര്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ രാജു കെ എബ്രഹാം പറഞ്ഞിരുന്നു. മടങ്ങിയെത്തിയിട്ടും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാത്ത അഞ്ചുപേരെ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും രാജു കെ എബ്രഹാം പറഞ്ഞു.