| Tuesday, 20th April 2021, 8:24 am

'അയാള്‍ ഞങ്ങളെയാണ് നിരീക്ഷിച്ചിരുന്നത്'; വൈഗ കൊലപാതകത്തില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങളെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വൈഗ കൊലപാതകത്തില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതി സനു മോഹന്‍ ചെയ്ത ശ്രമങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍.

അയാള്‍ തങ്ങളെയാണ് നിരീക്ഷിച്ചിരുന്നതെന്നും അത്രമാത്രം ശ്രദ്ധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കില്ലം പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്താണ് സനു മോഹന്‍ കൊലപാതകം നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

ഫോണ്‍ നശിപ്പിച്ചതും വാഹനം വിറ്റതുമെല്ലാം ഈ ഉദ്ദേശത്തോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് ഇയാള്‍ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കാതിരുന്നത് പിടിക്കപ്പെടാതിരിക്കാനാണെന്നും പൊലീസ് പറഞ്ഞു.

2016ല്‍ പൂനെയിലെ ബിസിനസ് ഒഴിവാക്കി നാട്ടിലെത്തിയ പ്രതി സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകലം പാലിച്ചതും അന്വേഷണത്തെ ബാധിച്ചിരുന്നു. നാടുവിടുന്ന സമയത്ത് പ്രതി ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്.

പിന്നീട് ഇത് വഴിയിലുപേക്ഷിക്കുകയും ചെയ്തു. വാളയാര്‍ കടക്കുന്ന സമയത്ത് സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സനു മോഹന്‍ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ് നല്‍കിയത്. പിന്നീട് നീണ്ട 27 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

അതേസമയം മകളെ കൊന്നത് താനാണെന്ന് സനു മോഹന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കടബാധ്യതയെ തുടര്‍ന്നാണ് മകള്‍ വൈഗയെ കൊന്നതെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും. തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതിയാണ് മകളെ പുഴയിലേക്ക് തള്ളിയതെന്നും സനു മോഹന്‍ പറഞ്ഞു. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ പറഞ്ഞു.

ഫ്‌ലാറ്റില്‍ വെച്ച് മകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ പുഴക്കരികിലെത്തിക്കുകയായിരുന്നെന്നും സനുമോഹന്‍ പറഞ്ഞു. ഒരുമിച്ച് മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞിരുന്നെന്നും സനു മോഹന്‍ മൊഴി നല്‍കി.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഇതേദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Police Version About Vaiga Murder Case

We use cookies to give you the best possible experience. Learn more