ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ ഭക്ഷണവും കുടിവെള്ളവും എത്തിച്ചത് പോലീസിന്റെ സായുധവാഹനം. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതേത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
റാലിയില്‍ പ്രമുഖര്‍ക്ക് സുരക്ഷ നല്‍കുന്ന ഉദ്യോഗസ്ഥരെ എത്തിക്കാനുള്ള വാഹനമാണ് ദുരുപയോഗം ചെയ്തതെന്ന് പോലീസ് തന്നെ സ്ഥിരീകരിച്ചു. ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവിനു സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ വാഹനം ഏര്‍പ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാഹനം പിന്‍വലിക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ജമ്മു കശ്മീര്‍ പോലീസ് സഹായം ആവശ്യമുള്ളവര്‍ക്കാണ് അതു നല്‍കുന്നതെന്ന് പരിഹാസമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഏപ്രില്‍ 23 മുതല്‍ മേയ് ആറുവരെ മൂന്നുഘട്ടങ്ങളിലായാണ് അനന്ത്‌നാഗില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പി.ഡി.പി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുലാം ഹസന്‍ മിര്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവരാണ് മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.