ലീബക്കെതിരെ വ്യാജതെളിവ് ചമയ്ക്കാന്‍ പോലീസ് നീക്കം:ജ്വല്ലറിഉടമ ഹൈക്കോടതിയില്‍
Daily News
ലീബക്കെതിരെ വ്യാജതെളിവ് ചമയ്ക്കാന്‍ പോലീസ് നീക്കം:ജ്വല്ലറിഉടമ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th September 2014, 3:21 pm

leeba[] കൊച്ചി: മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ലീബക്കെതിരെ കള്ളക്കേസ് ചുമത്താന്‍ പോലീസ് നീക്കം. യുവതി മാല മോഷണക്കേസിലെ പ്രതിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസിന്റെ ഊര്‍ജിത ശ്രമം. ഇതിനായി വ്യാജത്തെളിവുകള്‍ ഉണ്ടാക്കാന്‍ എറണാകുളത്തെ ജ്വല്ലറി ഉടമകളെ പോലീസ് സമീപിച്ചിരുന്നു.

ലീബക്കെതിരെ തെളിവുകള്‍ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി എറണാകുളത്തെ കവിത ജ്വല്ലറി ഉടമ കെ.എ കുര്യന്‍ പറഞ്ഞു. പോലീസ് നടപടിക്കെതിരെ ജ്വല്ലറി ഉടമ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ലീബ മോഷ്ടിച്ചുവെന്ന് ആരോപിച്ച സ്വര്‍ണം തന്റെ ജ്വല്ലറിയില്‍ വിറ്റുവെന്ന് മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നും ഹരജിയില്‍ പറയുന്നു.

പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ലീബയുടെ ചിത്രം കാണിച്ച് ഇവര്‍ക്കെതിരെ മൊഴി നല്‍കണമെന്നും തെളിവിനായി ഒരു പവന്‍ സ്വര്‍ണമെങ്കിലും ഹാജരാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായി ജ്വല്ലറി ഉടമ അറിയിച്ചു. തന്നെയും മകനെയും പോലീസ് ഭീഷണിപ്പെടുത്തിയതായും ജ്വല്ലറി ഉടമ ഹരജിയില്‍ വ്യക്തമാക്കി.

പോലീസിനെ സ്വാധീനിച്ച ഉന്നതരിലേക്കും മൊഴിയെടുക്കാനെന്ന പേരില്‍ ലീബയെ പീഡിപ്പിക്കുന്ന പോലീസ് നടപടക്കെതിരെയും അന്വേഷണം നടത്തുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റും.ഹൈബി ഈഡന്‍ എം.എല്‍.എ ചികിത്സ ചെലവുകള്‍ വഹിക്കുമെന്ന് നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

ആഗസ്റ്റ് 23നാണ് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 27കാരിയായ ലീബയെ മാല മോഷ്ടിച്ചുവെന്നാരോപിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്ത പോലീസ് അറസ്റ്റ് ചെയ്ത് 34 മണിക്കൂറിന് ശേഷമാണ് ലീബയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ ഇ.എസ് സാംസണ്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ സുനിത, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനി എന്നിവരെ സസ്‌പെന്റ് ചെയ്ത് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നു.