തൂത്തുകുടി വെടിവെയ്പ്പ്: കേസ് ഒതുക്കിതീർക്കാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന് ബന്ധുക്കൾ
Anti sterlite protest
തൂത്തുകുടി വെടിവെയ്പ്പ്: കേസ് ഒതുക്കിതീർക്കാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന് ബന്ധുക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th May 2018, 10:20 am

തൂത്തുകുടി: തമിഴ്നാട് സ്റ്റെർലൈറ്റ് വിരുദ്ധ സമരം നടത്തിയവരെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തിൽ വീണ്ടും വിവാദം. കേസ് ഒതുക്കി തീർക്കാൻ പോലീസ് നിർബന്ധിക്കുന്നു എന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ.

നേരത്തെ പോലീസിന്റെ ആക്രമണം ആസൂത്രിതമായിരുന്നെന്നും, കരുതികൂട്ടിയുള്ള കൊലപാതകമാണ്‌ തൂത്തുകുടിയിൽ നടന്നതെന്നുമുള്ളതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വാർത്തകളും തെളിവുകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്‌. സംഭവം നടന്നതിന്‌ പത്ത് കിലോമീറ്റർ അകലെയുള്ള വീട്ടമ്മയേയും പോലീസ് കൊലപ്പെടുത്തിയതായി ‘ന്യൂസ് 18’ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പോലീസ് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽ നിന്ന് സമരക്കാരെ വെടി വെയ്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പല വഴിയാത്രക്കാർക്കും സംഭവത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടതായും 102 പേർക്ക് പരിക്കേറ്റതായും, ഇന്നലെ നിയമിക്കപ്പെട്ട ജില്ലാ കളക്ടർ സന്ദീപ് നന്ദൂരി സ്ഥിരീകരിച്ചു. 34 പോലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട് . സ്റ്റെർലൈറ്റ് പ്ളാന്റ് ഇനി പ്രവർത്തിക്കില്ലെന്നും, ഇത് തന്നെയാണ്‌ ഗവണ്മെന്റിന്റെ താല്പര്യമെന്നും കളക്ടർ പറഞ്ഞു.