| Thursday, 31st October 2019, 7:35 am

അന്യായമായി കസ്റ്റഡിയില്‍വെച്ച് മര്‍ദ്ദിച്ചു; ആത്മഹത്യ ചെയ്ത യുവാവിനെ പൊലീസ് വാളയാര്‍ കേസില്‍ കുടുക്കാന്‍ നോക്കിയെന്ന ആരോപണവുമായി അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ആത്മഹത്യ ചെയ്ത ജോണ്‍ പ്രവീണിനെ പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണം. പ്രവീണിനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും അമ്മ എലിസബത്ത് റാണി ആരോപിച്ചു.

കേസിലെ പ്രധാന പ്രതിയുടെ സുഹൃത്തായിരുന്ന പ്രവീണ്‍, പ്രതി ചേര്‍ക്കപ്പെടുകയോ രേഖകളില്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്തയാളായിരുന്നു. മകന്‍ സ്‌റ്റേഷനിലില്ല എന്നുപറഞ്ഞ് പൊലീസ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും എലിസബത്ത് മലയാള മനോരമയോടു പറഞ്ഞു.

ഇളയ പെണ്‍കുട്ടിയുടെ മരണശേഷമാണ് പ്രവീണിനെ അന്നത്തെ കസബ സി.ഐ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്ങനെയൊരാളെ കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കരഞ്ഞപ്പോള്‍ സി.ഐ വരുമ്പോള്‍ കാണിക്കാമെന്നായി. ഒടുവില്‍ സി.ഐ എത്തിയപ്പോള്‍ മുറിയില്‍ അടച്ചിട്ടിരുന്ന പ്രവീണിനെ തന്റെ കൂടെ അയച്ചെന്നും എലിസബത്ത് വെളിപ്പെടുത്തി.

‘രക്തം തടിച്ചുകിടന്ന ഉള്ളംകാലുകള്‍ കാണിച്ച്, എനിക്കിനി ജോലിക്കു പോകാന്‍ കഴിയില്ലമ്മേ എന്നുപറഞ്ഞ് അവന്‍ കരഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം പ്രധാന പ്രതിയുടെ സഹോദരന്‍ വീട്ടിലെത്തി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയി.

മൂന്നുദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ പറഞ്ഞ് നിര്‍ബന്ധിച്ചെന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. പിറ്റേന്ന് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ ഞാന്‍ പണിക്കു പോയ സമയത്ത് അവന്‍ ജീവനൊടുക്കി.’- എലിസബത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഇനി വയ്യ. എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്.- പ്രവീണ്‍ അവസാനമെഴുതിയ കുറിപ്പ് അമ്മയുടെ കൈയില്‍ ഇപ്പോഴുമുണ്ട്.

വാളയാര്‍ കേസില്‍ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തേ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. അപ്പീല്‍ പോകാന്‍ താത്പര്യമില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കണമെന്നും അമ്മ മനോരമ ന്യൂസിനോടു പറഞ്ഞു.

കേരളാ പൊലീസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നും നേരിട്ടു മുഖ്യമന്ത്രിയെക്കണ്ട് ഇക്കാര്യം പറയാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തങ്ങളെപ്പോലൊരു അച്ഛനും അമ്മയും ഉണ്ടാവരുതെന്നും നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അമ്മ പറഞ്ഞു.

We use cookies to give you the best possible experience. Learn more