ജമ്മു കശ്മീർ പൊലീസ് ജനങ്ങളെ കാണുന്നത് പാകിസ്ഥാനികളെ പോലെ: മെഹ്ബൂബ മുഫ്തി
national news
ജമ്മു കശ്മീർ പൊലീസ് ജനങ്ങളെ കാണുന്നത് പാകിസ്ഥാനികളെ പോലെ: മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 3:14 pm

ശ്രീനഗർ: ജമ്മു കശ്മീർ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ജനങ്ങളെ കാണുന്നത് പാകിസ്ഥാനികളെ പോലെയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത അവർ ജമ്മു കശ്മീർ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ആർ.ആർ. സ്വെയ്‌നെ പുറത്താക്കണെമെന്ന് ആവശ്യപ്പെട്ടു.

കശ്മീരിലേക്കുള്ള പാകിസ്ഥാൻ നുഴഞ്ഞു കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത് കശ്മീരിലെ പ്രാദേശിക പാർട്ടികളാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി ആർ.ആർ. സ്വെയിൻ പറഞ്ഞിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എന്ന് വിളിക്കപ്പെടുന്നവർ തീവ്രവാദ ശൃംഖലയുടെ നേതാക്കളെ വളർത്തിയെടുത്തുവെന്നായിരുന്നു പൊലീസ് മേധാവിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന.

കശ്മീരിലെ ജനങ്ങളെ അവരുടെ ചിന്തകളും പ്രതിഷേധവും പ്രകടിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും അങ്ങനെ ചെയ്യുന്നവരെ ജയിലിലേക്ക് അയക്കുകയാണെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.

‘പാകിസ്ഥാനിൽ നിന്ന് തീവ്രവാദികൾ നുഴഞ്ഞു കയറുമ്പോൾ ഡി.ജി.പി എന്താണ് ചെയ്യുന്നത്? നുഴഞ്ഞുകയറ്റം തടയുന്നത് എൻ്റെ ജോലിയാണോ അതോ ഉമർ അബ്ദുള്ളയുടെ ജോലിയാണോ? ആരാണ് അതിർത്തിയിൽ? ആരാണ് സാഹചര്യം കൈകാര്യം ചെയ്യേണ്ടത്?

ആരാണ് പൊലീസ് സേനയെ സൈനികവൽക്കരിച്ചത്? സാധാരണക്കാരെ പാകിസ്ഥാനികളായാണ് പൊലീസ് കാണുന്നത്. അവരുടെ ചിന്തകളെ പോലും ചോദ്യത്തെ ചെയ്യുന്നു. എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. ആളുകൾക്ക് ഒന്നും കാണാനോ, പറയാനോ സ്വാതന്ത്ര്യമില്ല,’ മെഹ്ബൂബ മുഫ്തി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം എല്ലാം ശരിയായെന്ന് പറഞ്ഞ് ബി.ജെ.പി നടന്നു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തികളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.

Content Highlight: police treating Kashmiris as Pakistanis’: Mehbooba Mufti