| Monday, 13th November 2023, 6:37 pm

വമ്പന്‍ സ്രാവുകളെ വേണ്ട; പൊലീസ് കെണിയില്‍ ഇരകളാവുന്ന ദളിതര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് വേല. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. പൊലീസ് സേനയിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളും മാഫിയ ബന്ധങ്ങളും ചിത്രം തുറന്ന് കാണിക്കുന്നുണ്ട്.

പൊലീസിന്റെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ മറക്കാന്‍ പലപ്പോഴും കെണിയിലാവുന്നത് സാധാരണക്കാരും പാര്‍ശ്വവല്‍കൃത ജനങ്ങളുമായിരിക്കും. അവരെ സഹായിക്കാനും കെണിയിലാക്കാനും ശ്രമിക്കുന്ന രണ്ട് പൊലീസുകാരിലൂടെയാണ് വേല പോകുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്ന മകനെ കണ്ട പരിഭ്രമത്തിലാണ് ഒരു അച്ഛന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. കോളെടുത്ത സി.പി.ഒ. ഉല്ലാസ് പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മല്ലികാര്‍ജുന് വിവരം കൈമാറുന്നു. ഇതിന് ശേഷമാണ് ഉല്ലാസ് പ്രായപൂര്‍ത്തിയാകാത്ത ആ വിദ്യാര്‍ത്ഥിയെ പറ്റി ആലോചിച്ചത്. എന്നാല്‍ മയക്കുമരുന്നു മാഫിയകളെ രക്ഷപ്പെടുത്താനായി മല്ലികാര്‍ജുന് ആ വിദ്യാര്‍ത്ഥിയെ ആവശ്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരും തമ്മിലുള്ള പോരായി മാറുകയാണ്.

ചിത്രത്തില്‍ പൊലീസ് ക്രൂരതക്ക് ഇരയാവുന്ന വിദ്യാര്‍ത്ഥി മര്‍ദിതരുടെ പ്രതിനിധി കൂടിയാണ്. മല്ലികാര്‍ജുന്‍ ആ വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ അവിടെ ഒരു അയ്യങ്കാളിയുടെ ചിത്രം കാണാനാവും. സാധാരണ ഗതിയില്‍ സിനിമയില്‍ ദളിത് ഭവനങ്ങളെ കാണിക്കാനായി ഉപയോഗിക്കുന്ന സിമ്പലാണ് അയ്യങ്കാളിയുടെയും അംബേദ്കറിന്റേയുമൊക്കെ ചിത്രങ്ങളും പ്രതിമകളും.

വന്‍ മാഫിയകള്‍ക്ക് പകരം പലപ്പോഴും പൊലീസ് വലയിലാക്കുന്നത് മഞ്ഞുമലയുടെ അറ്റത്തുള്ള സ്വാധീനമില്ലാത്ത മനുഷ്യരെയാവും. പലപ്പോഴും ചെയ്ത തെറ്റിനുമധികം ശിക്ഷയാണ് അവര്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്, ഒരുപക്ഷേ ചെയ്യാത്ത തെറ്റിന് പോലും. അവിടെ പൊലീസുകാര്‍ക്ക് പേടിക്കാന്‍ ഉന്നതസ്വാധീനങ്ങളൊന്നുമില്ല, മല്ലികാര്‍ജുന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുത്തനും ചോദിക്കാന്‍ വരില്ല. വളരെ സട്ടിലായാണ് പാര്‍ശ്വവല്‍കൃതരുടെ ഈ അവസ്ഥ സിനിമയില്‍ പറഞ്ഞുപോകുന്നത്.

അതേസമയം സവര്‍ണതയും അധികാരവും തലക്ക് പിടിച്ച മല്ലികാര്‍ജുന്‍ എന്ന കഥാപാത്രം വളരെ ലൗഡായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സംവരണത്തിനെതിരെ കോളേജില്‍ പഠിക്കുമ്പോള്‍ സമരം ചെയ്ത, തന്റെ രാജകുടുംബത്തിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ അമര്‍ഷം കൊള്ളുന്ന ഒരു ജാതിക്കോമരമാണ് മല്ലികാര്‍ജുന്‍.

ജാര്‍ഖണ്ഡില്‍ നിന്നുമുള്ള ‘കാട്ടുജാതി’ക്കാരനായ മേലുദ്യോഗസ്ഥനെ സാര്‍ എന്ന് വിളിക്കുന്നതിലുള്ള രോഷം അയാള്‍ ഇടക്ക് തുറന്ന് കാട്ടുന്നുണ്ട്. ജാതിയില്‍ താഴ്ന്നവന്‍ എന്ന് അയാള്‍ വിചാരിക്കുന്ന കീഴുദ്യോഗസ്ഥന്‍ തന്റെ ചായയുടെ കാശ് കൊടുക്കുന്നതിന് പോലും മല്ലികയുടെ ജാതിയ ബോധം സമ്മതിക്കുന്നില്ല.

Content Highlight: police trap for unprivilaged section in vela movie 

We use cookies to give you the best possible experience. Learn more