പത്തനംതിട്ട: പട്ടിക ജാതിക്കാരിയായ ഭിന്നശേഷിയുള്ള പതിനേഴുകാരിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപണം. മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. തട്ട സ്വദേശി രവീന്ദ്രന്റെയും കുഞ്ഞുമോളുടെയും മകള്‍ സൗമ്യയ്ക്കാണ് കൊടുമണ്‍ സ്റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റത്.
പോലീസ് മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നു. പെണ്‍കുട്ടി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സൗമ്യയുടെ സുഹൃത്തും പരാതിക്കാരിയുമായ വിദ്യയുടെ ബന്ധുവിന്റെ ബാഗില്‍ നിന്നും പെണ്‍കുട്ടി സ്വര്‍ണാഭരണം മോഷ്ടിച്ചുവെന്നാണ് പരാതി.
പണമിടപാട് സ്ഥാപനത്തില്‍ ഈടായി നല്‍കാനുള്ള സ്വര്‍ണം വിദ്യയുടെ ബന്ധുവായ സഞ്ചുവാണ് തന്നെ ഏല്‍പ്പിച്ചതെന്നും കാര്യം മനസിലാക്കാതെയാണ് പോലീസ് മര്‍ദ്ദിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.ജി.പിയോട് കമ്മീഷന്‍ ഉത്തരവിട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് വിദ്യ പൊലീസിനെ സമീപിച്ചു.