വീണ്ടും പൊലീസ് അനാസ്ഥ; ശ്രീറാം സഞ്ചരിച്ച വാഹനം ഫൊറന്‍സിക് സംഘം വരുന്നതിനു മുന്‍പേ മാറ്റി
Kerala News
വീണ്ടും പൊലീസ് അനാസ്ഥ; ശ്രീറാം സഞ്ചരിച്ച വാഹനം ഫൊറന്‍സിക് സംഘം വരുന്നതിനു മുന്‍പേ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 7:01 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീണ്ടും അനാസ്ഥ. ഫൊറന്‍സിക് സംഘം വരുന്നതിനു മുന്‍പ് ശ്രീറാം വെങ്കട്ടരാമന്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് നീക്കി.

റിക്കവറി വാഹനം ഉപയോഗിച്ചാണ് ശ്രീറാം സഞ്ചരിച്ച വാഹനം അപകടസ്ഥലത്തു നിന്നു മാറ്റിയത്.

അതിനിടെ അറസ്റ്റ് ചെയ്‌തെങ്കിലും ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡോക്ടര്‍ അനുമതി നല്‍കാത്തതാണു കാരണം.

ഒരു കൈയില്‍ ഡ്രിപ്പും മറുകൈയില്‍ മുറിവും ഉള്ളതിനാലാണ് അനുമതി നല്‍കാതിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.