രാജ്ഭവനിലെ താത്കാലിക ജീവനക്കാരന്റെ മരണം; ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് പൊലീസ്
Kerala News
രാജ്ഭവനിലെ താത്കാലിക ജീവനക്കാരന്റെ മരണം; ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st December 2023, 10:53 pm

തിരുവനന്തപുരം: കേരള രാജ്ഭവനിലെ താത്കാലിക ജീവനക്കാരനായിരുന്ന ആദിവാസി യുവാവിനെ മര്‍ദിച്ചതിലും അസ്വാഭാവിക മരണത്തിലും, രാജ്ഭവനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് പൊലീസ്. ഇവര്‍ക്കെതിരെ അട്രോസിറ്റി അടക്കമുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടതായാണ് സൂചന. ആദിവാസി ജീവനക്കാരനായ വിജേഷിനെ ഉദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

രാജ്ഭവനിലെ ഡെപ്യൂട്ടി സെക്രട്ടറിയായ മധു, കൃഷി വകുപ്പ് സൂപ്പര്‍വൈസര്‍ ബൈജു നായര്‍, അശോകന്‍ എന്ന ഉദ്യോഗസ്ഥരാണ് യുവാവിനെ മര്‍ദിച്ചത്. ഉദ്യോഗസ്ഥര്‍ പരാതിക്കാരായ വിജേഷിന്റെ മാതാപിതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

രാജ്ഭവനില്‍ 12 വര്‍ഷമായി കാഷ്വല്‍ ലേബര്‍ തസ്തികയില്‍ തൊഴിലെടുക്കുകയായിരുന്നു വിതുര സ്വദേശി വിജേഷ് കാണി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജേഷിന്റെ മാതാപിതാക്കള്‍ എസ്.സി, എസ്.ടി കമ്മീഷനും വിതുര പൊലീസിനും പരാതി നല്‍കിയിരുന്നു.

രാജ്ഭവനിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി വിജേഷ് സൂചിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വൃക്ക സംബന്ധമായ അസുഖത്തില്‍ ചികിത്സയിലായിരുന്ന വിജേഷിനെ കഠിനമായ ജോലികള്‍ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചിട്ടും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നതായി മറ്റു ജീവനക്കാര്‍ പറഞ്ഞിരുന്നു.

വിജേഷ് മരിച്ചശേഷം ചില ജീവനക്കാര്‍ വീട്ടിലെത്തി പണം നല്‍കിയതിനുശേഷം ആരോടും ഒന്നും പറയരുതെന്ന് താക്കീത് ചെയ്തുവെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.

ശാരീരികമായി ബുദ്ധിമുട്ട് നേരിട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജേഷ് ഒക്ടോബര്‍ 24ന് മരിച്ചു. ഒരു മാസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.

നവകേരള സദസ്സിലൂടെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലൂടെയാണ് അന്വേഷണത്തില്‍ പുരോഗമനം ഉണ്ടായത്. പരാതിയില്‍ ഉടന്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും, അന്വേഷണത്തില്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പരാതിക്കാരെ അറിയിച്ചു.

Content Highlight: Police took statements of top officials in the death of a temporary employee of Raj Bhavan