കല്‍പ്പറ്റ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട കോഴക്കേസില്‍ സി.പി.ഐ.എം. മുന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്ത് പൊലീസ്.
ശശീന്ദ്രന്റെ കല്‍പറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തിയത്. ജാനുവില്‍ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം ഇവരോട് ചോദിച്ചറിഞ്ഞത്.
മുന്‍പ് കടം നല്‍കിയ പണം ജാനു മടക്കി നല്‍കിയത് ബാങ്ക് മുഖേനയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്.
2019 ല്‍ കാര്‍ വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നതായും അതില്‍ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാര്‍ച്ചില്‍ തിരികെ നല്‍കിയതെന്നും നേരത്തെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിരേഖപ്പെടുത്തിയത്.
വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജാനു തന്നോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. അവരെ ഡ്രൈവേഴ്‌സ് സൊസൈറ്റിയിലേക്ക് അയച്ചുവെങ്കിലും എന്തുകൊണ്ടോ അവിടെനിന്ന് ലോണ്‍ ലഭിച്ചില്ല. തുടര്‍ന്ന് 2019 ഒക്ടോബര്‍ മാസത്തില്‍ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് നല്‍കി. 2020-ല്‍ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാര്‍ച്ചിലും തന്നു.
പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നല്‍കിയതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കുടുംബവുമായി ആലോചിച്ചാണ് ഈ ഇടപാടുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രന് കൊടുത്തത് കടം വാങ്ങിയ പണമാണെന്നായിരുന്നു സി.കെ. ജാനുവും വിഷയത്തില്‍ പ്രതികരിച്ചത്.