തിരുവനന്തപുരം: തൊളിക്കോട് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അക്രമിച്ച കേസില്‍ ഷെഫീഖ് ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ്. നടന്നതൊന്നും പുറത്തു പറയരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞെന്നും ഖാസിമിയുടെ മൊഴി.
പെണ്‍കുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ഈ ബന്ധം വെച്ചാണ് കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. പുറത്ത് പറയരുതെന്ന് കുട്ടിയില്‍ നിന്ന് ഉറപ്പ് വാങ്ങിയെന്നും ഷെഫീഖ് ഖാസിമി പൊലീസിനോട് പറഞ്ഞു.
ഖാസിമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
ഷെഫീഖ് ഖാസിമിയെ ഇന്നലെയാണ് പൊലീസ് പിടികൂടി. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഇയാളുടെ ചിത്രം വെച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഖാസിമി ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിരുന്നില്ല.
കേസില്‍ ഷെഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
അക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ തന്നെ തുടരണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മകളെ വിട്ടുകിട്ടാന്‍ അമ്മ നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിയിരുന്നു. തുടര്‍ന്നാണ് വിധി വരുന്നതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിട്ടത്.
ജനുവരിയിലാണ് ഖാസിമി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.