മുട്ടമ്പലത്ത് മൃതദേഹം സംസ്‌കരിച്ചത് തടഞ്ഞ നടപടി; ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസ്
Kerala News
മുട്ടമ്പലത്ത് മൃതദേഹം സംസ്‌കരിച്ചത് തടഞ്ഞ നടപടി; ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 8:29 am

കോട്ടയം: മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ്. കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളെജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ മൃതദേഹം മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ വന്‍ പൊലീസ് സന്നാഹത്തോടെ അടക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കണമെന്നാണ് ഹരികുമാര്‍ ആവശ്യപ്പെട്ടിരുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല.

അതേസമയം പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാത്തവരെ ഭീഷണിപ്പെടുത്തി കൗണ്‍സിലര്‍ അവിടെ ഇരിക്കണമെന്നും താനേ ഇവര്‍ക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. നഗരസഭാ ശ്മശാനത്തിന്റെ കവാടം പൊലീസ് തുറന്നതോടെ നാട്ടുകാര്‍ കൂടിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ നടപടി ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടായ പ്രശ്‌നമാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. കൗണ്‍സിലര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ