തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് നിര്‍ത്തി മിന്നല്‍ പണിമുടക്ക് നടത്തിയ സംഭവത്തില്‍ 32 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫോര്‍ട്ട് സ്‌റ്റേഷനില്‍ 20 പേര്‍ക്കെതിരെയും തമ്പാനൂര്‍ സേറ്റേഷനില്‍ 12 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
സംഘം ചേരല്‍, ഓട്ടോഡ്രൈവര്‍മാരെ ആക്രമിക്കല്‍, എസ്മ, പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമുള്‍പ്പെടെ 20 പേര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.
ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം ആര്‍.ടി.ഒയ്ക്ക് പുറമേ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിലും സമരക്കാര്‍ക്കെതിരെ കടുത്ത നടപടിയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
സംഘം ചേരലിനാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് ബുധനാഴ്ച കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയെങ്കിലും കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.