കൊച്ചി: മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു.
ഇത് സംബന്ധിച്ച് തിരുവല്ല കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ അഭിഭാഷകന്‍ ബൈജു നോയല്‍ വ്യക്തമാക്കി.
കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് മലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്‌വായ്പൂര്‍ പൊലീസിന് തിരുവല്ല കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം, ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.
മന്ത്രി സ്ഥാനം രാജിവെച്ചത് കൊണ്ട് പ്രശ്നം തീരില്ല ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ എം.എല്‍.എയെ അയോഗ്യനാക്കാനുളള ഇടപെടല്‍ വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മലപ്പുറം സ്വദേശി ബിജു പി. ചെറുമകന്‍, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് എം.എല്‍.എക്കെതിരെ ഹരജി നല്‍കിയിരുന്നത്.
ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിയില്‍ നടത്തിയ പ്രസംഗം വിവാദമായതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.
സി.പി.ഐ.എം എരിയാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍ പറഞ്ഞത്.
‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാം പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരന്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം,’ എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.