| Saturday, 22nd January 2022, 7:46 am

കൊവിഡ് വ്യാപനം; ചെക്ക്‌പോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി കേരളം. ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് പൊലീസ് അറിയിച്ചു.

കര്‍ണാടകയും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും.

കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ വയനാട്ടിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പുവരുത്തണം. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം വിലയിരുത്തും.

ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരെയും തൊഴിലാളികളെയും പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.

എന്നാല്‍, അതിര്‍ത്തി കടന്ന് ദിവസവും ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് പൊലീസ് അറിയിക്കുന്നത്.

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലകളിലും കൊവിഡ് വ്യാപനം തീവ്രമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് വയനാട്ടിലേക്ക് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.

കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Police to tighten security in border check posts due to the Heavy spread of Covid

We use cookies to give you the best possible experience. Learn more