| Friday, 29th July 2022, 3:45 pm

സൂറത്കൽ കൊലപാതകം: വടക്കൻ കേരളത്തിൽ കർശന നിയന്ത്രണം, ജാ​ഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെം​ഗളൂരു; സൂറത്കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രത നിർദേശം. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിസിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിൽ കർശന പരിശോധനകളും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സൂറത്കലിൽ തുണിക്കട നടത്തുന്ന മംഗലപ്പെട്ട സ്വദേശി ഫാസിൽ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ച് ഫാസിലിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയാളികളെ ഇതുവരെ തിരിച്ചറിയാനായില്ലെന്നാണ് വിവരം. പ്രതികൾ എത്തിയ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്‌.

സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരോട് മംഗളൂരു കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ രണ്ട് ദിവസം മുമ്പ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ കേസ് എൻ.ഐ.ക്ക് കൈമാറിയിരിക്കുകയാണ്. കേസിൽ ഏറ്റവും ഒടുവിലായി രണ്ട് പേരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്.

കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾ സഞ്ചരിച്ച കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.

കനയ്യ ലാലിനെ പിന്തുണച്ച് നേരത്തെ കൊല്ലപ്പെട്ട പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദ് എന്ന 19 കാരൻ മംഗളൂരുവിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രവീണിന്റെ കൊലപാതകം.

‘എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകൾക്ക് എതിരെ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സംഘടനകളെ നിരോധിക്കുന്നതിൽ കേന്ദ്രത്തിൽ നിന്നും അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നു.’ എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞിരുന്നു

Content Highlight; Police to set up high security in kerala border, more policemen deployed

We use cookies to give you the best possible experience. Learn more