| Friday, 23rd November 2018, 7:48 am

കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും; ജയില്‍ മോചനം വൈകാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. 52-കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.

സുരേന്ദ്രനു പുറമേ ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍.രാജേഷ്,യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ജാമ്യം കിട്ടിയാലും കണ്ണൂര്‍ മജിട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.

Read Also : ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണം, പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണം; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് വിവിധ ഹരജികള്‍

സന്നിധാനത്തിന് സമീപം വെച്ച് തൃശൂര്‍ സ്വദേശിനി ലളിതയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തിയാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.

ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.

ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ് കെ. സുരേന്ദ്രനുള്ളത്. കണ്ണൂരിലെ കേസുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് സുരേന്ദ്രനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് കുറേക്കൂടി നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൂടി സുരേന്ദ്രനെതിരെ വന്നത്. ഈ സാഹചര്യത്തില്‍ ഈ കേസില്‍ കൂടി ജാമ്യമെടുത്താലേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ.

We use cookies to give you the best possible experience. Learn more