| Sunday, 10th September 2023, 9:36 am

പത്താം ക്ലാസുകാരൻ കാറിടിച്ചു മരിച്ച കേസ്; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖർ കാറിടിച്ചു മരിച്ച കേസിൽ പ്രതി പ്രിയരഞ്ജനെതിരെ കൊലപാതക കുറ്റം ചുമത്തും. നിലവിൽ നരഹത്യക്കാണ് കേസ് എടുത്തിട്ടുള്ളത്.

പുതുതായി 302-ാം വകുപ്പ് കൂടി ചേർക്കും. സാഹചര്യ തെളിവുകളുടെയും ആദിശേഖറിന്റെ മാതാപിതാക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കായുള്ള തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആഗസ്റ്റ് 30നാണ് പതിനഞ്ചുകാരനായ ആദിശേഖർ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരണപ്പെട്ടത്. തുടക്കത്തിൽ ദുരൂഹത ഇല്ലായിരുന്നുവെങ്കിലും പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി മനഃപൂർവം കാറിടിപ്പിക്കുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് പുളിങ്കോട് ക്ഷേത്രത്തിന്റെ പരിസരത്ത് വച്ച് മൂത്രമൊഴിച്ച പ്രിയരഞ്ജനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. മാതാപിതാക്കൾ ഈ കാര്യം പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം കൃത്യത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിൽ എത്തുകയായിരുന്നു പൊലീസ്. തുടർന്ന് നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന പ്രതി ഓണം പ്രമാണിച്ചാണ് നാട്ടിൽ എത്തിയത്. അപകട ശേഷം വണ്ടി ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിയെ കുറിച്ച് സൂചനകൾ ഒന്നുമില്ല. എന്നാൽ പ്രിയരഞ്ജൻ കേരളം വിട്ട് പോയിട്ടുണ്ടാകില്ല എന്നാണ് പൊലീസ് അനുമാനം. ഇയാൾ ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ്.

Content Highlight: Police to charge murder case in Kattakkada accident death

We use cookies to give you the best possible experience. Learn more