| Sunday, 18th March 2018, 4:24 pm

പ്രതിഷേധിക്കരുത്, പ്രതിഷേധിച്ചാല്‍ ശിക്ഷിച്ചു കളയും: ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ഭീഷണി

ജിന്‍സി ടി എം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതാ സ്ഥലമേറ്റെടുപ്പ് മാര്‍ച്ച് 19ന് ആരംഭിക്കാനിരിക്കെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി ആഭ്യന്തര വകുപ്പ്. സ്ഥലമേറ്റെടുപ്പ് തടസ്സപ്പെടുത്തുന്ന പക്ഷം ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

“നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് 19.3.2018 തിയ്യതി തുടങ്ങി കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെ നാഷണല്‍ ഹൈവേ അതോറിറ്റി സ്ഥലമേറ്റെടുപ്പ് നടത്തുന്നതാണ്. ഈ അവസരത്തില്‍ ഈ പ്രവൃത്തി താങ്കളോ താങ്കള്‍ ഉള്‍പ്പെട്ട സംഘടനയോ തടസപ്പെടുത്തുന്ന പക്ഷം ശക്തമായ നിയമ നടപടി താങ്കള്‍ക്കെതിരെ സ്വീകരിക്കുന്നതാണ്” എന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.


Also Read: ചാല ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് നികത്തിയവരാണ് കീഴാറ്റൂരിലെ വയല്‍നികത്തലിനെതിരെ സംസാരിക്കുന്നത്: മാതൃഭൂമിയ്‌ക്കെതിരെ ആരോപണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്


ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിക്കുന്നവരെയാണ് ആഭ്യന്തര വകുപ്പ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പത്തുവര്‍ഷം മുമ്പാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രദേശവാസികള്‍ പ്രതിഷേധമാരംഭിച്ചത്.

ആക്ഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും നോട്ടീസ് നല്‍കി ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. “1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കും. ” ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പാലം ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Must Read: എന്നെ രാജ്യദ്രോഹിയാക്കിയ പൊലീസിന് പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാന്‍ ഇന്റര്‍പോള്‍ പറയണം, അപ്പോള്‍  പ്രതീഷില്‍ നിന്ന് എന്നിലേക്കുള്ള ദൂരം എത്രയാണ് ?


ദേശീയ പാത ആറുവരിയില്‍ 30 മീറ്ററായി ചുരുക്കുകയെന്നതാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. തങ്ങള്‍ വികസന വിരോധികളല്ല. എന്നാല്‍ ജനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടത്. കേരളം പോലെ ജനസാന്ദ്രതയും കെട്ടിട സാന്ദ്രതയും കൂടിയ ഒരിടത്ത് ഇതാണ് അനുയോജ്യമെന്നും അബുലൈസ് പറയുന്നു. “ദേശീയ പാത 45 മീറ്ററായതുകൊണ്ട് 1500 ലേറെ കുടുംബങ്ങള്‍ കുടിയിറക്കപ്പെടും. 30മീറ്ററിലാണെങ്കില്‍ 50 കുടുംബങ്ങളേ കുടിയിറക്കെപ്പെടൂ. രണ്ടായാലും റോഡ് വികസനം സാധ്യമാകും. 45മീറ്ററായാലും ഇവരുണ്ടാക്കുന്നത് ആറുവരി പാതയാണ്. മുപ്പതുമീറ്ററിലും ഇതുണ്ടാക്കാം. വെറുതെ ചുങ്കം പിരിക്കാന്‍ വേണ്ടിയാണ് 45മീറ്ററാക്കുന്നത്. ചുങ്കപ്പാത മാഫിയയ്ക്കുവേണ്ടിയാണ് 45 മീറ്ററാക്കുന്നത്. അതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അതിന് ഇവര് ഞങ്ങളെ വികസന വിരുദ്ധരാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കരിവാരിത്തേച്ചുകൊണ്ടിരിക്കുകയാണ്.” അദ്ദേഹം വിശദീകരിക്കുന്നു.

ഇത്തരത്തിലുള്ള ഭീഷണിയും ഇടപെടലും നിയമവിരുദ്ധമാണെന്നാണ് എഴുത്തുകാരനും ഇടത് സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ആസാദ് പറയുന്നത്. ” ഇങ്ങനെ ആജ്ഞാപിക്കുന്നത് ഏതധികാരത്തിന്റെ, നിയമത്തിന്റെ ബലത്തിലാണ്? രാഷ്ട്രത്തിന് അവരുടെ സ്ഥലം ആവശ്യമെങ്കില്‍ അവരുടെ ജീവിതത്തിന് രാഷ്ട്രം നല്‍കുന്ന സുരക്ഷയെന്താണ്? ആ കാര്യം അവരെ ബോധ്യപ്പെടുത്താതെ വലിയ ധാര്‍ഷ്ട്യത്തില്‍ ആക്രോശിച്ച് ഭൂവുടമകളെ ഭയപ്പെടുത്താനാവുമോ?” അദ്ദേഹം ചോദിക്കുന്നു.

സമരക്കാരുമായി ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കാതെ ഇത്തരമൊരു ഭീഷണിയിലൂടെ ഭൂമി പിടിച്ചെടുക്കുന്നതിനെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കുമെന്നും അബുലൈസ് പറഞ്ഞു. “സമവായവായമുണ്ടാക്കാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. ഏകാധിപത്യ പ്രവണതയാണ് മൊത്തത്തില്‍ ദൃശ്യമാകുന്നത്. അതിനെതിരെ ജനകീയ പ്രതിരോധം മാത്രമേ വഴിയുള്ളൂ. ” അദ്ദേഹം പറഞ്ഞു.

ദേശീയ പാത 30മീറ്ററായി ചുരുക്കുക എന്നതിനു പുറമേ നഷ്ടപ്പെടുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കുക, നഷ്ടപരിഹാരത്തെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more