| Wednesday, 5th October 2022, 8:57 am

ഗര്‍ബ ചടങ്ങിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപണം; മുസ്‌ലിം യുവാക്കളെ തടഞ്ഞുവെച്ച് മര്‍ദിച്ച് പൊലീസ്, കയ്യടിച്ച് ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നവരാത്രി ഗര്‍ബ ചടങ്ങിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൂണിനോട് ചേര്‍ത്തു നിര്‍ത്തി കൈകള്‍ കൂട്ടിപ്പിടിച്ചായിരുന്നു യുവാക്കളെ മഫ്തി പൊലീസ് മര്‍ദിച്ചത്. ഇത് കാണാനെത്തിയ ജനക്കൂട്ടം കയ്യടിച്ച് പൊലീസുകാര്‍ക്ക് ആവേശം പകരുന്നതും വീഡിയോയില്‍ കാണാം.

പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. ഇവര്‍ അതുപ്രകാരം മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം.

പൊലീസ് ഇന്‍സ്പെക്ടറടക്കം പ്രദേശത്ത് ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതികളെ ക്രൂരമായി മറ്റ് പൊലീസുകാര്‍ മര്‍ദിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്ഷേത്ര പരിസരത്ത് നടന്ന ഗര്‍ബ ചടങ്ങിലേക്ക് സംഘം ചേര്‍ന്നെത്തിയവര്‍ കല്ലെറിഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 150 ഓളം ആളുകളടങ്ങിയ സംഘമായിരുന്നു അകക്രമണം നടത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ 43 പേരെ പിടികൂടിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

അതേസമയം ഗുജറാത്തിലെ വഡോദരയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് 40ലധികം പേരെ അറസ്റ്റ് ചെയ്തത്. വഡോദരയിലെ സാവ്‌ലി പട്ടണത്തിലെ പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു സംഘര്‍ഷം തുടങ്ങിയത്.

മുസ്‌ലിം ആഘോഷത്തിന്റെ ഭാഗമായി റോഡിലെ ഇലക്ട്രിക് പോസ്റ്റില്‍ കൊടി കെട്ടിയത് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിങ്ങള്‍ കൊടി കെട്ടിയ ഇലക്ട്രിക് പോസ്റ്റിനടുത്ത് ക്ഷേത്രമുണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇതാണ് പിന്നീട് ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി മാറിയത്.

അതേസമയം യുവാക്കളെ പൊലീസ് മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വലിയ വിമര്‍ശനമാണ് ഗുജറാത്ത് അധികാരികള്‍ക്കെതിരെ ഉയരുന്നത്.

ഗുജറാത്ത് ഒരു ഡ്രൈ സ്‌റ്റേറ്റ് ആയിട്ടുപോലും ജനങ്ങള്‍ ഇത്രയധികം അക്രമാസക്തരാകുന്നത് എന്തായിരിക്കുമെന്നാണ് ചിലരുടെ ചോദ്യം. ഗുജറാത്തികള്‍ മാംസാഹാരികളല്ലെന്നും അപ്രകാരം നോക്കുമ്പോള്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം തെറ്റാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
കഴിഞ്ഞ ദിവസം മാസാംഹാരം ഒഴിവാക്കുന്നത് കൂടുതല്‍ ഏകാഗ്രതയുണ്ടാക്കാനും സമാധാനത്തിനും വഴിവെക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

ഇത്തരം ദൃശ്യങ്ങള്‍ മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു വന്നിരുന്നതെന്നും ഇന്ന് അത് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ നിന്നായെന്നും കമന്റുകളുണ്ട്.

നമുക്ക് കോടതിയൊന്നും ആവസ്യമില്ലെന്നും ഇങ്ങനെ കുറച്ച് മനുഷ്യരെ ഇറക്കിവിട്ടാല്‍ മതിയെന്നുമാണ് ചിലരുടെ പ്രതികരണം.

Content Highlight: Police thrashed muslim youths for pelting stones to garba festival, people claps for police’s act, video under discussion in social media

We use cookies to give you the best possible experience. Learn more