| Tuesday, 26th May 2015, 7:00 pm

ചുംബന സമരത്തില്‍ പങ്കെടുത്തവരെ പോലീസ് വേട്ടയാടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സദാചാര പോലീസിംഗിനെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയായ ചുംബന സമരത്തില്‍ പങ്കെടുത്തവരെ പോലീസ് അന്യായമായി വേട്ടയാടുന്നു. സമരം നടന്ന് മാസങ്ങള്‍ക്കു ശേഷവും സമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ എത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമാണ് പോലീസ് ചെയ്യുന്നത്. പലപ്പോഴും സമരത്തില്‍ പങ്കെടുത്തവരെ മാവോയ്‌സ്റ്റുകളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

കൊച്ചി, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ സമരങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമാനമായ അനുഭവങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നും നേരിടേണ്ടി വരുന്നത്. ഏറ്റവും ഒടുവില്‍ ചുംബന സമരം നടന്ന ആലപ്പുഴയില്‍ സമരം ചെയ്യാനുള്ള അവകാശം നിഷേധിച്ച് 44പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ 11 പേര്‍ സ്ത്രീകളാണ്.

ആലപ്പുഴയില്‍ നടന്ന സമരം പോലീസ് ഇടപെടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വേദി മാറ്റി സംഘടിപ്പിക്കേണ്ടി വന്നിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച സമരക്കാരില്‍ നിന്നും വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചറിയുകയും മേല്‍വിലാസങ്ങള്‍ രേഖപ്പെടുത്തുകയു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യാതൊരു വിധ കേസുകളും എടുക്കുകയും ചെയ്തിരുന്നില്ല.

എന്നാല്‍ സമരത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമരക്കാരുടെ വീടുകളിലും നാട്ടിലുമെത്തി പോലീസ് അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിരോധിച്ച സമരത്തില്‍ പങ്കെടുത്തുവെന്നും മാവോയിസ്റ്റ് ബന്ധമുള്ള സമരത്തിലാണ് പങ്കെടുത്തതുമെന്ന  നിലയിലാണ് അന്നേ ലോക്കല്‍ പോലീസ് അന്വേഷണങ്ങള്‍ നടത്തിയിരുന്നത്.

പക്ഷെ ആലപ്പുഴയില്‍ സമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ ഇപ്പോള്‍ വീണ്ടും അന്വേഷണത്തിന്റെ പേരില്‍ പോലീസ് എത്തുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.കഴിഞ്ഞ ദിവസം സമരത്തില്‍ പങ്കെടുത്ത രണ്ട് സ്ത്രീകളില്‍ ഒരാളുടെ വീട്ടില്‍ എല്‍.ഐ.സി ഏജന്റെന്ന വ്യാജേന പോലീസ് എത്തുകയും വീട്ടില്‍ കാറു വാങ്ങിയതടക്കമുള്ള വരുമാന സ്രോതസുകള്‍ അന്വേഷിക്കുകയും ചെയ്തു.

യുവതിയെ സ്വന്തം നാട്ടില്‍ തീവ്രവാദിയായി ചിത്രീകരിക്കുന്ന നിലയില്‍ പ്രചാരണം നടത്തിയാണ് പോലീസ് മടങ്ങിയത്. കാലങ്ങളായി സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് ഈ യുവതി.

മറ്റൊരു യുവതിയുടെ വീട്ടിലെത്തിയ പോലീസ് സമരത്തെ പറ്റി വൃദ്ധനായ പിതാവിനോട് നുണകള്‍ പറയുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ചുംബനസമരം തീവ്രവാദികളുടെ സമരമായാണ് ഈ വീട്ടിലും പോലീസ് ചിത്രീകരിച്ചിരിക്കുന്നത്.

സമരത്തില്‍ പങ്കെടുത്ത കോട്ടയം ജില്ലക്കാരനായ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളെ സമരത്തില്‍ പങ്കെടുത്ത മകനെപ്പറ്റി അതിരു കവിഞ്ഞ അന്വേഷണം നടത്തുകയും തീവ്രവാദിയാണെന്ന നിലയില്‍ താക്കീത് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന നിലയില്‍ തീക്ഷ്ണമായാണ് രക്ഷകര്‍ത്താക്കള്‍ക്ക് പ്രതികരിക്കേണ്ടി വന്നത്.

ഫാസിസത്തിനെതിരെ സ്ത്രീകളുടെ സുരക്ഷയ്ക്കും സദാചാര പോലീസിങ്ങിനുമെതിരെ സമരം ചെയ്തവര്‍ക്കു നേരെ പോലീസ് നടത്തുന്ന വേട്ട കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

കൂടുതല്‍ വായനയ്ക്ക്‌

വി.ടി ബല്‍റാമില്‍ നിന്ന് ഒരു സ്റ്റഡിക്ലാസെങ്കിലും കേള്‍ക്കു മിസ്റ്റര്‍ ആഭ്യന്തരമന്ത്രി; ചെന്നിത്തലക്ക് ഒരു തുറന്ന കത്ത് (24-05-2015)

ചുംബനസമരം സമരമായി വരുന്നത് മറ്റ് സമരപരാജയങ്ങളുടെ ഫലം (16-05-2015)

We use cookies to give you the best possible experience. Learn more