| Friday, 20th December 2019, 8:46 pm

മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് പ്രത്യേകം ഉന്നംവെച്ചിരുന്നു; വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മംഗ്‌ളൂരുവില്‍ കര്‍ഫ്യൂ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് പ്രത്യേകം ഉന്നം വച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ന് കസ്റ്റഡിയില്‍ ആയിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടുകൂടുകയായിരുന്നുവെന്നും വാഹനത്തില്‍ സീറ്റ് ഉണ്ടായിരുന്നിട്ട് പോലും അവരെ നിലത്ത് ഇരുത്തിയിട്ടായിരുന്നു കൊണ്ടുപോയതെന്നും പറയുന്നു.

‘ഏഷ്യാനെറ്റ്, ന്യൂസ് 18, 24 ന്യൂസ് തുടങ്ങിയ ചാനലുകളുടെ മാധ്യമപ്രവര്‍ത്തകരെ ആദ്യം പിടികൂടി വാഹനത്തില്‍ കയറ്റിയെങ്കിലും 100 മീറ്റര്‍ അപ്പുറത്തുള്ള മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടുകൂടുകയായിരുന്നു. ബസില്‍ സീറ്റ് ഉണ്ടായിരുന്നിട്ട് പോലും അവര്‍ക്ക് സീറ്റ് കൊടുത്തിരുന്നില്ല. അവരെ ബസില്‍ നിലത്ത് ഇരുത്തിയിട്ടായിരുന്നു കൊണ്ടുപോയത്. സ്റ്റേഷനിലെത്തിയ ശേഷവും വിചിത്ര സംഭവങ്ങളാണ് നടന്നത്. മീഡിയ വണിലെ മാധ്യമ പ്രവര്‍ത്തകരുടെ പേര് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ഷബീര്‍ എന്നും ക്യാമറാ മാന്‍ അനൂപ് എന്നും പറഞ്ഞപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് ഒരുമിച്ച് തൊഴില്‍ എടുക്കുന്നതെന്നത് ഒരാള്‍ ഹിന്ദുവും ഒരാള്‍ മുസ്ലീമും അല്ലേയെന്നും പൊലീസ് ചോദിച്ചു.’ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പറഞ്ഞു.

മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ഒറിജിനലാണെന്ന് കാര്യത്തില്‍ സംശയമുണ്ട്, പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് വരെ വാഹനത്തിലേക്ക് കയറണമെന്നാണ് ആദ്യം പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു.

വാഹനത്തില്‍ കയറിയ ഉടനെ മൊബൈല്‍ ഫോണും ക്യാമറയും ലൈവ് സംവിധാനങ്ങള്‍ അടക്കം പൊലീസ് ബലം പ്രയോഗിച്ച് വാങ്ങിച്ചുവെന്നും പരസ്പരം സംസാരിക്കാനുള്ള അവസരം പോലും തരാതെ തീര്‍ത്തും ബന്ധിയാക്കുകയാണ് ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ 8:30തോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ മംഗ്‌ളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഏഴര മണിക്കൂറിന് ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ നിന്നും വിടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും
പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്നും നേരത്തെ മാധ്യമപ്രവര്‍ത്തകനായ ഷബീര്‍ ഒമര്‍ പറഞ്ഞിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിയില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നിരുന്നു.
മാധ്യമ പ്രവര്‍ത്തക യൂണിയനായ കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് നഗരത്തിലും പാലക്കാട് നഗരത്തിലും തിരുവനന്തപുരത്തും ബംഗളൂരുവിലും പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more