| Monday, 5th December 2022, 8:05 pm

സമസ്തക്കെതിരെ വ്യാജപ്രചരണം; ഹക്കീം ഫൈസി ആദൃശേരിയുള്‍പ്പെടെ 12 പേര്‍ക്കെതിരെ പരാതി; കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും നേതാക്കള്‍ക്കുമെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്ന പരാതിയില്‍ സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയുള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വ്യാജപ്രചരണം നടത്തുവെന്ന് ആരോപിച്ച് സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നല്‍കിയ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് കേസ്.

ഉമര്‍കോയ, ഹക്കീം ഫൈസി ആദൃശേരി, യാസര്‍ അരാഫത്ത് പാലത്തിങ്കല്‍, എ.എച്ച്.കെ തൂത, അലി ഹുസൈന്‍ വാഫി, സുബൈര്‍ വാഫി വള്ളിക്കാപ്പെറ്റ, മുഹമ്മദ് ഇക്ബാല്‍, ഷെജില്‍ ഷെജി, അക്തര്‍ ഷാ നിഷാനി, നിഷാല്‍ പരപ്പനങ്ങാടി, മസ്‌റൂര്‍ മുഹമ്മദ്, ലുക്മാന്‍ വാഫി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജൂലൈ 16ാം തിയതി മുതല്‍ ഒന്നാം പ്രതിയായ ഉമര്‍ക്കോയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ഔദ്യോഗിക പതാകയും മുന്‍ ജനറല്‍ സെക്രട്ടറിയുടെ ചിത്രവും ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറായി ഉപയോഗിച്ചുകൊണ്ട് സംഘടനയെയും നേതാക്കളെയും പണ്ഡിതന്മാരെയും പറ്റി സമസ്തയുടെ പേരില്‍ തെറ്റും വ്യാജവുമായ വാര്‍ത്തകള്‍ നല്‍കിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

രണ്ടാം പ്രതിയായ ഹക്കീം ഫൈസി ആദൃശേരി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും, പ്രതിപ്പട്ടികയിലെ മൂന്ന് മുതല്‍ 12 വരെയുള്ളവര്‍ ഉമ്മര്‍ക്കോയയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയര്‍ ചെയ്തും അനുനായികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.

ഇതോടെ സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നത നിയമപോരാട്ടത്തിലേക്ക് കൂടി കടക്കുകയാണ്. സി.ഐ.സിയുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ സമസ്തക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ തള്ളിപ്പറയണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ലെന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് നടന്ന വാഫി ഫെസ്റ്റില്‍ നിന്ന് സമസ്ത വിട്ടുനിന്നിരുന്നു.

അതേസമയം സമസ്തയുടെ ഭാരവാഹികളും മുസ്‌ലിം ലീഗ് നേതാക്കളുമായ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്തു.

തുടര്‍ന്ന് ആശയ വ്യതിചലനം ആരോപിച്ച് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കുന്നതായി സമസ്ത അറിയിച്ചിരുന്നു.

സമസ്ത-സി.ഐ.സി തര്‍ക്കത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ മധ്യസ്ഥശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോള്‍ ഹക്കീം ഫൈസിക്കെതിരെ പരാതിയുമായി സമസ്ത രംഗത്തെത്തിയതും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും.

Content Highlight: Police takes case against Hakeem Faizy Adrisseri over a complaint from Samastha

We use cookies to give you the best possible experience. Learn more