Kerala News
പണം നല്‍കിയത് സുനില്‍ നായിക്കെന്ന് കെ. സുന്ദര; മൊഴിയെടുത്ത ശേഷം സുന്ദരയെ വീട്ടിലെത്തിച്ചത് പൊലീസ് സംരക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 06, 11:43 am
Sunday, 6th June 2021, 5:13 pm

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ തനിക്ക് പണം തന്നത് യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കെന്ന് കെ. സുന്ദര. പൊലീസിന് നല്‍കിയ മൊഴിയിലാണ് സുന്ദര ഇക്കാര്യം പറഞ്ഞത്.

സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്‍കാന്‍ വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്ന് സുന്ദര പറഞ്ഞു.

ബദിയടുക്ക പൊലീസിനാണ് സുന്ദര മൊഴി നല്‍കിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മൊഴിനല്‍കിയ ശേഷം വീട്ടിലെത്തിച്ചതും പൊലീസ് സംരക്ഷണിയിലാണ്.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടു സുനില്‍ നായിക്കിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനില്‍ നായിക്കായിരുന്നു പണം നല്‍കിയതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിന് മൊഴി നല്‍കിയത്.

മാര്‍ച്ച് 21 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കെ. സുന്ദരയുടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രം സുനില്‍ നായിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശ് വാങ്ങിയത് തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

ആരുടെയും പ്രലോഭനത്തിലല്ല ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും കെ. സുന്ദര വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കാള്‍ പണം നല്‍കിയെന്നു കെ. സുന്ദര വെളിപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Police taken statement of K Sundara