Kerala News
കെ.കെ. രമക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധം; കോഴിക്കോട് 50 പേര്‍ പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 21, 03:01 pm
Tuesday, 21st March 2023, 8:31 pm

കോഴിക്കോട്: വടകര എം.എല്‍.എ കെ.കെ. രമക്കെതിരെ നടക്കുന്ന സൈബര്‍ അക്രമത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മിഠായി തെരുവില്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത 50 പേരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പരിപാടിയില്‍ ഡോ. ആസാദ് സംസാരിച്ചുകൊണ്ടിരിക്കെ അസി. കമ്മീഷണരുടെ നേതൃത്വത്തിലെത്തിയ പൊലീസ് വനിതകളെ ഉള്‍പ്പെടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് സംഘാടകര്‍ ആരോപിച്ചു.

കസ്റ്റഡിയില്‍ എടുത്തവരുടെ അറസ്റ്റ് രേഖപെടുത്തുന്ന നടപടികള്‍ നടക്കുകയാണെന്നും, ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കിയെന്നും ആര്‍.എം.പിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചൊവ്വാഴ്ച വൈകീട്ട് പരിപാടി തുടങ്ങിയത്. സാഹിത്യകാരന്‍ യു.കെ. കുമാരനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.