കണ്ണൂര്‍: സി.പി.ഐം.എം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും ജനരക്ഷാ യാത്ര കണ്‍വീനറുമായ വി.മുരളീധരനും പ്രവര്‍ത്തകര്‍ക്കെതിരെയും കൂത്ത്പറമ്പ് പൊലീസ് കേസെടുത്തു.
കണ്ണൂര്‍ സ്വദേശി റാഷിദ് തലശ്ശേരി ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൂത്ത്പറമ്പ് എസ്.ഐയോട് കേസ് അന്വേഷിക്കാന്‍ ഡി.വൈ.എസ്.പി നിര്‍ദ്ദേശിക്കുകയായിരുന്നു.
രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, ഭീഷണി മുഴക്കുന്ന രീതിയില്‍ മുദ്രാ വാക്യം മുഴക്കി, വീഡിയോ സേഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.
സി.പി.ഐ.എം നേതാക്കളെ ശാരീരകമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളായിരുന്നു ജനരക്ഷാ യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴക്കിയത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരെ മ ” ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല”. എന്നായിരുന്നു മുദ്രാവാക്യം.
കണ്ണൂര്‍- കൂത്ത്പറമ്പ് മേഖലയിലൂടെ ജാഥ പോയപ്പോളായിരുന്നു പ്രകോപനപരമായ ഈ മുദ്രാവാക്യ വിളി. ഇതിന്റെ വീഡിയോ വി.മുരളീധരന്‍ ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു. പി.ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം വിളിക്കുന്നത് ജാഥയുടെ കണ്‍വീനര്‍ വി.മുരളീധരന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് നാട്ടില്‍ അക്രമം വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.