ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ പൊലീസ് കേസെടുക്കും
D' Election 2019
ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ പൊലീസ് കേസെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2019, 5:39 pm

കോഴിക്കോട്: കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ കോഴിക്കോട് ലോക്‌സഭ മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ പൊലീസ് കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ പ്രൊസിക്യൂഷന്റെ നിയമമോപദേശ പ്രകാരമാണ് നടപടി.

നേരത്തെ സി.പി.ഐ.എം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ അഡ്വക്കറ്റ് ജനറലിനോട് ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. വിശദമായ അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.

ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എംകെ രാഘവനെ അയോഗ്യനാക്കണമെന്നാണ് സി.പിഐ.എമ്മിന്റെ പരാതി. ഈ പരാതിയുടെ അന്വേഷണഘട്ടത്തിലാണ് രാഘവനെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിയമോപദേശം തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.ഐ.എം നല്‍കിയ പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഡി.ജി.പിക്ക് കൈമാറിയിരുന്നു.


ഒളിക്യാമറാ വിവാദത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.

കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരിക സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികതയാണ് പരിശോധിച്ചത്. ടി.വി9 നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും വീഡിയോയില്‍ രാഘവന്‍ പറയുന്നുണ്ട്.

ടി.വി9 ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.
DoolNews Video