| Tuesday, 7th September 2021, 11:00 am

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശമയച്ച സംഭവത്തില്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ എം.ഡി എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു.

പാലാരിവട്ടം പൊലീസാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്തീത്വത്തെ അപമാനിച്ചെന്ന് പ്രാഥമികമായി തെളിഞ്ഞെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളയച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി  അന്വേഷിക്കാന്‍ പൊലീസിന് കൈമാറുകയായിരുന്നു. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പ്രശാന്തിനെ ന്യായീകരിച്ച് ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു.

താനാണ് വാട്ട്സാപ്പില്‍ പ്രശാന്തിന്റെ മൊബൈലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് മെസേജ് അയച്ചതെന്ന് ലക്ഷ്മി പ്രശാന്ത് പറഞ്ഞിരുന്നു.

പേഴ്‌സണല്‍ വാട്ട്‌സാപ്പ് വഴി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Police Take Case against N Prashanth IAS for sending a message to a Women journalist

We use cookies to give you the best possible experience. Learn more