| Wednesday, 4th July 2018, 10:44 pm

മതസ്പര്‍ധ വളര്‍ത്തിയന്നാരോപിച്ച് വേണുവിനെതിരെ ഡി.വൈ.എഫ്.ഐയുടെ പരാതി; പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന സെക്ഷന്‍ 153 എ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം 7ാം തിയ്യതി മാതൃഭൂമി ചാനലിലെ സൂപ്പര്‍ പ്രൈം ടൈമില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് വേണുവിനെതിരെയുള്ള പരാതി.

എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചുകൊണ്ട് വേണു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. “കേരളത്തിലെ മുസ്‌ലിം സഹോദരങ്ങളെ….നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയില്‍ കഴിയുകയാണ്; ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തിയത്: നോമ്പ തുറക്കാന്‍ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്…” – എന്നായിരുന്നു വേണുവിന്റെ പരാമര്‍ശം.


Also Read അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

വേണു നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകര്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.

“മുസ്‌ലിം സഹോദരങ്ങളെ” എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തില്‍ മതപരമായ വിഭജനവും വര്‍ഗീയതയും ഉയര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നും രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു

മതാചാരത്തെ അപമാനിച്ചു എന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ചാനല്‍ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more