കൊച്ചി: നടപ്പാത കയ്യേറി എല്‍.ഡി.എഫ് കേരള സംരക്ഷണ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരിയിലാണ് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നടപ്പാത കയ്യേറി സ്ഥാപിച്ചത്.
ഫ്‌ളക്‌സ് സ്ഥാപിച്ച സ്വകാര്യ കമ്പനിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതു ഇടങ്ങള്‍ കയ്യേറി അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്ന് ദിവസങ്ങള്‍ക്കകമാണ് കേരള സംരക്ഷണ യാത്രയുടെ ഫ്‌ളക്‌സ് നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡീയയിലും ചിത്രം വിവാദമായിരുന്നു.കേസിനെ തുടര്‍ന്ന് ഫ്‌ളക്‌സുകള്‍ ഇന്നലെ രാത്രി തന്നെ നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളില്‍ അനധകൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിന് ശേഷവും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്‌ളക്‌സുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. അതേസമയത്ത് തന്നെയാണ് നടപ്പാത കയ്യേറി എല്‍.ഡി.എഫിന്റെ കേരള സംരക്ഷണ യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്.