കോഴിക്കോട്: അപര്‍ണശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കൂട്ടായ്മ സംഘടിപ്പിച്ചവര്‍ക്കെതിരെയും അപര്‍ണ ശിവകാമിക്ക് എതിരെയും പൊലീസ് കേസ്.
കോഴിക്കോട്ട് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്ത ഒന്‍പതു പേരെ പ്രതിയാക്കിക്കൊണ്ടാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 22ാം തിയ്യതിയായിരുന്നു അപര്‍ണയുടെ വീടിന് നേരെ കല്ലേറുണ്ടായത്.
തുടര്‍ന്നായിരുന്നു തൊട്ടടുത്ത ദിവസം ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നിന്നുമാരംഭിച്ച് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലേക്ക് ജാഥ നടത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൃത്യനിര്‍വഹണത്തിന് തടസം വരുത്തിയെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തത്.
സുല്‍ഫത്ത്, അംബിക, വിജി, ജസീല എം.കെ , അപര്‍ണ്ണ ശിവകാമി, പി.ടി ഹരിദാസ്, ശ്രീകുമാര്‍, രജീഷ് കൊല്ലക്കണ്ടി, കരുണാകരന്‍ എം.വി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
നേരത്തെ രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.
കേരളത്തില്‍ കലാപമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് തല്‍ക്കാലം ശബരിമല കയറുന്നത്തില്‍ നിന്നും പിന്‍വാങ്ങുന്നു എന്നും മണ്ഡലകാലം കഴിയുന്നതിനു മുമ്പേ മലകയറുമെന്നും യുവതികള്‍ എറണാകുളത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
വാര്‍ത്താ സമ്മേളനം നടന്ന പ്രസ് ക്ലബിന് മുമ്പില്‍ നാമജപക്കാര്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു. വാര്‍ത്താ സമ്മേളനം കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണം നടന്നിരിക്കുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയില ദര്‍ശനം നടത്താന്‍ പോയ രഹന ഫാത്തിമ, മേരി സ്വീറ്റി, ബിന്ദു തങ്കം കല്യാണം തുടങ്ങിയ യുവതികളുടെ വീടിനു നേരെയും സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം നടന്നിരുന്നു.
DoolNews Video