| Wednesday, 15th January 2020, 10:27 am

കുറ്റ്യാടിയില്‍ കടയടപ്പിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറ്റ്യാടി: പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രതിഷേധിച്ച്  കടയടച്ചിടാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.

പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.

“കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 153 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്,”  എന്ന് കുറ്റ്യാടി പൊലീസ് ഡൂള്‍ ന്യൂസിനോട് സ്ഥിരീകരിച്ചു.

എന്നാല്‍ കേസെടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും സംഘടിതമായി ബി.ജെ.പിയുടെ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍.

നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്കായിരുന്നു ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റി രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. അഞ്ചു മണിക്ക് കുറ്റ്യാടിയില്‍ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാല്‍ കുറ്റ്യാടിയിലെ ജനങ്ങള്‍ ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചതോടെ പരിപാടിയ്ക്ക് കാര്യമായി ആളുകളുണ്ടായിരുന്നില്ല.

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബി.ജെ.പി റാലി. ‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങി വാടാ പട്ടികളെ’, ‘ഓര്‍മ്മയില്ലേ ഗുജറാത്ത്’ തുടങ്ങിയ ഭീഷണികള്‍ പ്രകടനത്തിനിടെ ഉയര്‍ന്നു വന്നിരുന്നു.

പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രകടനം.  ബി.ജെ.പി നടത്തിയ ഈ വിദ്വേഷ പ്രകടനത്തിനെതിരെ  ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ സംഭവത്തില്‍ കേസെടുത്തിട്ടുമുണ്ട്.

എന്നാല്‍ കുറ്റ്യാടിയില്‍ നടന്ന വിദ്വേഷ പരമായ റാലിയില്‍ സ്വമേധയാ കേസെടുക്കാത്ത പൊലീസ് കടകളടച്ച് പ്രതികരിക്കാന്‍ ആഹ്വാനം നല്‍കിയവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ ഇതിനകം പ്രതിഷേധം ശക്തമാണ്.

അങ്ങേയറ്റം  പ്രകോപനപരവും വിദ്വേഷവും ഇടകലര്‍ന്ന ബി.ജെ.പി റാലിയിലെ മുദ്രാവാക്യത്തില്‍ സ്വമേധയാ കേസെടുക്കാത്ത പൊലീസ് എന്തു കൊണ്ടാണ് കടകളടച്ച് പ്രതിഷേധം നടത്താന്‍ ആഹ്വാനം നടത്തിയവര്‍ക്കെതിരെ  കേസെടുത്തതെന്നാണ് ഉയരുന്ന ചോദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുറ്റ്യാടിയിലേതിനു സമാനമായ രീതിയില്‍  ആലപ്പുഴയിലെ വളഞ്ഞവഴി പ്രദേശത്തും കോഴിക്കോട്  ഏകരൂര്‍ എസ്‌റ്റേറ്റ് മുക്കിലും പൗരത്വ ഭേദഗതി വിശദീകരണ യോഗങ്ങള്‍ നാട്ടുകാരും വ്യാപാരികളും ബഹിഷ്‌കരിച്ചിരുന്നു.

ജനുവരി 11 ന് ആലപ്പുഴ അമ്പലപ്പുഴക്കടുത്തുള്ള വളഞ്ഞപുഴയില്‍ വെച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയാണ് നാട്ടുകാര്‍ ബഹിഷ്‌കരിച്ചത്. ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നതിന്റെ ഭാഗമായി നാട്ടുകാര്‍ കട അടച്ചിടുകയും വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കുകയും ചെയ്താണ് പ്രതിഷേധിച്ചത്. ഉച്ചയോടെ തന്നെ എല്ലാ കടകളും അടച്ചു പൂട്ടിയ നിലയിലായിരുന്നു.

‘വളഞ്ഞവഴി കൂട്ടായ്മ’ എന്ന് പ്രദേശത്തെ യുവാക്കളുടെ സംഘമാണ് നിസ്സഹകരണ സമരത്തിന് നേതൃത്വം നല്‍കിയത്.

വളഞ്ഞ വഴിയിലെ സംഭവത്തിനു പിന്നാലെയാണ്  കുറ്റ്യാടിയിലും ഏകരൂര്‍ എസ്റ്റേറ്റ് മുക്കിലും സമാന പ്രതിഷേധം ഉയര്‍ന്നത്. ബി.ജെ.പിയുടെ  സി.എ.എ വിശദീകരണ യോഗത്തിനു മുന്‍പ് കടകളടച്ചു തന്നെയായിരുന്നു ഏകരൂര്‍ എസ്റ്റേറ്റ് മുക്കിലെയും പ്രതിഷേധം.

കുറ്റ്യാടിയില്‍ ബി.ജെ.പി പ്രകടനത്തില്‍ വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഇതിനകം വലിയ വിവാദമാണ് സൃഷ്ടിരിക്കുന്നത്.

എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ധനമന്ത്രി തോമസ് ഐസ്‌ക് തുടങ്ങിയവരെല്ലാം ഇതിനെതിരെ രംഗത്തു വന്നു.

ഈ മുദ്രാവാക്യങ്ങളിലൂടെ സി.എ.എ യെ ആര്‍ക്കും മനസ്സിലാവുന്ന വിധം ബി.ജെ.പി വിശദീകരിച്ചിരിക്കുന്നു എന്നാണ് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

‘ഓർമ്മയില്ലേ , ഗുജറാത്ത്.
-ഒമ്പത് അക്ഷരങ്ങളാൽ പൗരത്വ ബില്ലിനെ സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു
ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം!’ എന്നായിരുന്നു ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട് ശിഹാബുദ്ദീന്‍ പൊയത്തും കടവിന്റെ പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്‌ലിം വിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ലെന്നാണ് മന്ത്രി തോമസ് ഐസക് പ്രതികരിച്ചത്.
വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്രനേരമാണ് കുറുക്കന്‍ കൂകാനുള്ള ഉള്‍പ്രേരണ ഒളിപ്പിച്ചു വയ്ക്കുകയെന്നും തോമസ് ഐസക് ഫേസ്ബുക്കിലൂടെ  ചോദിച്ചു. ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് പരസ്യമായി ചോദിക്കുന്നത്. ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാണെന്നു നോക്കൂ എന്നും തോമസ് ഐസ്‌ക് ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more