| Sunday, 12th November 2017, 11:36 am

നൂറു കണക്കിന് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അടുത്ത കാലത്തായി നൂറു കണക്കിന് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നതായി പൊലീസ്. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകളില്‍ നിന്നും മറ്റു സോഷ്യല്‍ മീഡിയകളില്‍ നിന്നുമായി 300 ലധികം വോയിസ് ക്ലിപ്പുകളും സന്ദേശങ്ങളുമടങ്ങുന്ന തെളിവുകള്‍ ലഭിച്ചതായും പി.ടി.ഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.എസ്സില്‍ ചേര്‍ന്ന കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഷജില്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ചതായി സിറിയയില്‍ നിന്നും ഭാര്യ ഹഫ്‌സിയ നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് ഏറ്റവും ഒടുവില്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.


Also Read:   ‘ജനവിരുദ്ധനയങ്ങള്‍ തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക്’; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പായി ട്രേഡ് യൂണിയനുകളുടെ മഹാധര്‍ണ്ണ


ഈയടുത്ത് നടന്ന “ജിഹാദി യുദ്ധ”ത്തില്‍ ഭര്‍ത്താവ് ഷജില്‍ കൊല്ലപ്പെട്ടന്നൊണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഹഫ്‌സിയയും രണ്ട് കുട്ടികളും ഇപ്പോഴും സിറിയയിലാണ്. ഭര്‍ത്താവു കൊല്ലപ്പെട്ട നിരവധി മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ സഹോദരന് അയച്ച ക്ലിപ്പില്‍ ഹഫ്‌സിയ പറയുന്നുണ്ട്.

ചെറുവത്തലമൊട്ട സ്വദേശി ഖയ്യൂം എന്നയാള്‍ സിറിയയില്‍ നിന്നു വീട്ടുകാരെ വിളിച്ചു സംസാരിച്ചതിന്റെ ക്ലിപ്പും കിട്ടിയതായി പൊലീസ് പറഞ്ഞു. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാം എന്നാണ് ഖയ്യൂം പറയുന്നത്. ഐ.എസിന്റെ യൂണിഫോം ധരിച്ചു വലിയ തോക്കുമായി ഖയ്യൂം നില്‍ക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.


Also Read: മൂന്നാം മുന്നണിക്ക് സമയമായി, ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമെങ്കില്‍ താന്‍ പിന്തുണയ്ക്കുമെന്നും പ്രകാശ് രാജ്


കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായ മൂവര്‍ സംഘത്തിലെ റാഷിദ്, മിഥിലാജ് എന്നിവര്‍ സിറിയയില്‍ പോയി വന്നതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. അവരുടെ പാസ്‌പോര്‍ട്ടില്‍ ഇസ്താംബുള്‍ വിമാനത്താവളത്തിന്റെ സീല്‍ കണ്ടെത്തിയിട്ടുമുണ്ട്.

പിടിയിലായ മനാഫ് റഹ്മാന്‍ എന്നയാളെ ഭാര്യയും അഞ്ചു കുട്ടികളുമൊത്തു സിറിയയിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ മംഗളൂരുവില്‍ വെച്ച് തിരിച്ചയയ്ക്കുകയായിരുന്നു. അവരുടെ പാസ്‌പോര്‍ട്ടും പൊലീസിനു ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ രണ്ടു ട്രാവല്‍ ഏജന്‍സികള്‍ വഴിയാണു വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേര്‍ ഐ.എസില്‍ ചേര്‍ന്നുവോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചു വരികയാണ്. നാലു സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 17 പേര്‍ കാസര്‍കോട് സ്വദേശികളും നാലുപേര്‍ പാലക്കാട്ടുകാരുമാണ്.

We use cookies to give you the best possible experience. Learn more