| Tuesday, 25th March 2025, 4:32 pm

ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രയ്ക്ക് സമന്‍സ് അയച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരായ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് സമന്‍സ് അയച്ച് പൊലീസ്. മുംബൈ പൊലീസാണ് കുനാല്‍ കമ്രയ്ക്ക് സമന്‍സ് അയച്ചത്.

മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുനാല്‍ കമ്രയുടെ വസതിയിലേക്ക് ഖാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സമന്‍സ് എത്തിക്കുകയായിരുന്നു. കുനാല്‍ കമ്ര മുംബൈക്ക് പുറത്തായതിനാല്‍ വാട്‌സ്ആപ്പ് വഴി സമന്‍സ് അയച്ചതായും പൊലീസ് അറിയിച്ചു.

ശിവസേന എം.എല്‍.എ മങ്കേഷ് കുഡാല്‍ക്കര്‍ തിങ്കളാഴ്ച കുര്‍ള നെഹ്‌റു നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കുമാര്‍ കമ്രയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

നിലവില്‍ കമ്ര പുതുച്ചേരിയിലാണ്. താന്‍ അന്വേഷണത്തില്‍ പൊലീസിനോട് സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ ഇതുവരെ അദ്ദേഹം അംഗീകരിച്ചിട്ടില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന കുനാല്‍ കമ്രയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പറഞ്ഞത്.

കമ്രയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ വൈറലായതോടെ, ഷോ നടന്ന മുംബൈ ഖറിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബും ക്ലബ് സ്ഥിതി ചെയ്യുന്ന ഹോട്ടലും ശിവസേന അംഗങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് കമ്ര രണ്ട് ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

Content Highlight: Police summons Kunal Kamra for remarks against Eknath Shinde

Latest Stories

We use cookies to give you the best possible experience. Learn more