തൂത്തുക്കുടി: തൂത്തുക്കുടി വെടിവെയ്പ്പിനെ പറ്റി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റിപ്പോര്‍ട്ട്. ദൃക്‌സാക്ഷി വിവരണങ്ങളും തെളിവുകളും അവഗണിച്ചാണ് സ്വയരക്ഷക്കായി പൊലീസ് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ഒമ്പത് പേര്‍ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കേണ്ടി വന്നുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കളക്ട്രേറ്റില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ദൂരെനിന്ന് സംഭവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്ക് ഉള്‍പ്പെടെ പൊലീസ് വെടിവെയ്പ്പില്‍ മരണം സംഭവിച്ചിട്ടുണ്ട്. ഇതിന് സാക്ഷികളുമുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല.
നേരത്തെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് പൊലീസ് 13 പേരെ വെടിവെച്ച് കൊന്നിരുന്നു. പൊലീസ് മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരമാണ് വെടിവെയ്പ്പ് എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ സംഭവത്തിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ സംഭവത്തിലാണ് ഇപ്പോള്‍ പൊലീസ് തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.