കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും, എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാംപസ് ഫ്രണ്ട് നേതാവ് മുഹമ്മദ് ഷമീം എന്ന് കുറ്റപത്രം. പള്ളുരുത്തി സ്വദേശിയാണ് ഇയാള്‍.
ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന കുറ്റപത്രം ഉടനെ കോടതിയില്‍ സമര്‍പ്പിക്കും. സംഘര്‍ഷത്തില്‍ സനീഷ് എന്നായാളും അഭിമന്യുവിനെ കുത്തിപരിക്കേല്‍പ്പിച്ചതായി കുറ്റപത്രം പറയുന്നു. അക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേര്‍ക്കെതിരെയിള്ള കുറ്റപത്രമാണ്് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുക.
എസ്.ഡി.പി.ഐയുടെ ചുമട്ട് തൊഴിലാളി സംഘടനയുടെ നേതാവാണ് സനീഷ്. ഇയാളാണ് സംഭവ സ്ഥലത്തേക്ക് ആയുധങ്ങളെത്തിച്ചത്. ക്യാംപസിനകത്ത് ആയുധങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് പറയുന്നു.
ആയിരത്തി അഞ്ഞൂറോളം പേജികളുള്ള കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതായുണ്ടെന്നും പൊലീസ് പറയുന്നു.
ഗൂഡാലോചനയില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെത്തി മറ്റൊരു കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. കേസിലെ 28 പ്രതികളില്‍ 17 പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.