കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കന്യാസ്ത്രിയെ ബിഷപ്പ് എന്ന അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈഗീകമായി ഉപയോഗിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ട് ദിവസം മഠത്തില്‍ എത്തിയാണ് ബിഷപ്പ് പീഡനത്തിന് ഇരയാക്കിയതെന്നും എതിര്‍ത്താല്‍ സഭയില്‍ നിന്ന് പുറത്തുപോകേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്യുകയായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് അട്ടിമറിക്കുന്നതിനായി ബിഷപ്പ് ശ്രമിച്ചിരുന്നെന്നും പണവും പാരിതോഷികങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിഷപ്പിന്റെ വസ്ത്രങ്ങളും ലാപ്‌ടോപും കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
Also Read ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
ബിഷപ്പിന്റെ “ഇടയനൊപ്പം ഒരു ദിനം” എന്ന പരിപാടിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരിപാടിയുടെ ഭാഗമായി കന്യാസ്ത്രീകളോട് രാത്രി ഒരു മണിക്കൂര്‍ ബിഷപ്പിനൊപ്പം തങ്ങണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയെ എതിര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ് ജാമ്യാപേക്ഷ നല്‍കി. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയില്‍ പറയുന്നു.
കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നാണു വാദം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ചികില്‍സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.
കൊച്ചിയില്‍നിന്നു കൊണ്ടുവരുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
DoolNews Video