തിരുവനന്തപുരം: ദളിത് വിഷയം കൈകാര്യം ചെയ്യുന്ന പാപ്പിലിയോ ബുദ്ധയുടെ സമാന്തര പ്രദര്‍ശനം നിരോധിച്ചതിനെതിരെ ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ കൈരളി തിയേറ്റര്‍ കോംപ്ലക്‌സില്‍ പ്രതിഷേധം.
പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രത്തില്‍ കരിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ടല്‍ പൊക്കുടന്‍, ചിത്രത്തിലെ നായികാ വേഷം ചെയ്ത സരിത, ചിത്രത്തിന്റെ നിര്‍മാതാവ് പ്രകാശ് ബാരെ, ജെ. ദേവിക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധംനടക്കുന്നത്.[]
ദളിത് വിഷയം ഉന്നയിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ആരുടെയോ വാശി പോലെയാണ് പോലീസിന്റെയും അധികൃതരുടെയും നീക്കമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
ദളിത് സംഘടനയായ ഡി.എച്ച്.ആര്‍.എമ്മും പ്രകാശ് ബാരെയും സംഘടിച്ചാണ് ചിത്രം നിര്‍മിച്ചതെന്നാണ് ചിത്രത്തിനെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ ബാരെയ്ക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും ചിത്രം കാണാന്‍ വ്യക്തികളെയാണ് ക്ഷണിച്ചതെന്നും സംഘടനകളെയല്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പാപ്പിലിയോ ബുദ്ധയുടെ സമാന്തര പ്രദര്‍ശനം പോലീസ് ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം കൈരളി തിയേറ്ററിലേക്ക് വ്യാപിച്ചത്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദര്‍ശനം തടഞ്ഞത്.
കോ ബാങ്ക് ഹാളില്‍ നടക്കാനിരുന്ന സമാന്തര പ്രദര്‍ശനമാണ് പോലീസെത്തി തടഞ്ഞത്. മുന്‍കൂട്ടി അനുമതി നേടിയതിന് ശേഷമാണ് ചിത്രം ബാങ്ക് ഹാളില്‍ പ്രദര്‍ശിപ്പിക്കാനിരുന്നത്. പ്രാകാശ് ബാരെയാണ് ഹാള്‍ ബുക്ക് ചെയ്തത്.
എന്നാല്‍ പ്രദര്‍ശനം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് പോലീസെത്തുകയും പ്രദര്‍ശനം തടയുകയുമായിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വിവിധ സംഘടനകളുടെ മാര്‍ച്ച് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രദര്‍ശനം തടഞ്ഞത്.
ഡിസംബര്‍ 7 ന് കോണ്‍ഗ്രസ് എം.പിയായ ടോം വടക്കനും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട പാനല്‍ ചിത്രത്തിന് “എ” സര്‍ട്ടിഫിക്കറ്റോടുകൂടി പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ചലചിത്രമേളയില്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകാരമുണ്ടെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഫെസ്റ്റിവല്‍ അധികൃതര്‍.
ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ സമാന്തര പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.